സഞ്ജുവിനെ പിന്തുണച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; ശ്രീശാന്തിനെ കുരുക്കിയത് കെസിഎയുടെ ഈ പിടിവള്ളി: കലക്കന്‍ മറുപടിയുമായി താരം
![](https://metrojournalonline.com/wp-content/uploads/2025/02/images_copy_1920x1920-780x470.avif)
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും തമ്മിലുള്ള പ്രശ്നം വീണ്ടും തലപൊക്കുകയാണ്. എന്നാല്‍ ഇത്തവണ മുന്‍താരം ശ്രീശാന്തുമായി ബന്ധപ്പെട്ടാണ് വിവാദം കൂടുതല്‍ ചര്‍ച്ചയാകുന്നത്. കെസിഎയെ വിമര്‍ശിച്ച്, സഞ്ജുവിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയതിന് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് സംഭവം വീണ്ടും വാര്‍ത്തയാകുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കെസിഎയുടെ ആവശ്യം. ഇല്ലെങ്കില്‍ ശ്രീശാന്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് കെസിഎ നല്കിയ നോട്ടീസിലെ സൂചന.
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം ഏരീസ് സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാസിഡറും, മെന്ററും കൂടിയാണ് ശ്രീശാന്ത്. ഈ പിടിവള്ളി ഉപയോഗിച്ചാണ് കെസിഎ താരത്തിന് നോട്ടീസ് നല്‍കിയത്. കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്തിന് അസോസിയേഷനുമായി കരാറുണ്ട്. എന്നാല്‍ അസോസിയേഷനെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ ശ്രീശാന്ത് അച്ചടക്കലംഘനം നടത്തിയെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു ഇടം നേടാത്തത് വിജയ് ഹസാരെ ട്രോഫിയില്‍ താരത്തെ ഉള്‍പ്പെടുത്താത്തത് മൂലമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ സഞ്ജുവിനെ വിമര്‍ശിച്ച് അസോസിയേഷന് രംഗത്തെത്തി. സഞ്ജു വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാമ്പില്‍ കാരണം അറിയിക്കാതെ വിട്ടുനിന്നെന്നായിരുന്നു ആരോപണം. പിന്നാലെ സംഭവം ഏറെ ചര്‍ച്ചയായി. ക്യാമ്പില്‍ പങ്കെടുത്താവരും ടീമിന്റെ ഭാഗമായെന്ന ആരോപണമുയര്‍ത്തി സഞ്ജുവിന്റെ പിതാവടക്കം അസോസിയേഷനെതിരെ രംഗത്തെത്തി. ഇതിനിടെയാണ് ശ്രീശാന്തും വിമര്‍ശനമുന്നയിച്ചത്.
സഞ്ജുവിനെ കെസിഎ പിന്തുണയ്ക്കണമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഇതാണ് കെസിഎയെ ചൊടിപ്പിച്ചതും. ഇതിന് പിന്നാലെയാണ് ശ്രീശാന്തിനെതിരെ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ കെസിഎയ്ക്ക് കലക്കന്‍ മറുപടി നല്കി ശ്രീശാന്തും രംഗത്തെത്തി.
സഹതാരങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും, സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ശ്രീശാന്ത് ആഞ്ഞടിച്ചു. കെസിഎ അധികാരം പ്രയോഗിക്കട്ടെയെന്നും, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവിന് ശേഷം ഒരു അന്താരാഷ്ട്ര താരത്തെ കെസിഎ സൃഷ്ടിച്ചിട്ടില്ല. സച്ചിന് ബേബി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയ ഒരുപിടി താരങ്ങളുണ്ട്. ഇവരെ ദേശീയ ടീമിലെത്തിക്കാന്‍ കെസിഎ എന്താണ് ചെയ്തതെന്നും, നമ്മുടെ താരങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ശ്രീശാന്ത് വിമര്‍ശിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് താരങ്ങളെ കൊണ്ടുവന്ന് കേരളത്തിന് വേണ്ടി കളിപ്പിക്കുന്നത് എന്തിനാണെന്നും മലയാളിതാരങ്ങളോടുള്ള അനാവദരവല്ലേ ഇതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാമതായിരുന്നു സച്ചിന് ബേബി. എന്നിട്ടും താരം ദുലീപ് ട്രോഫി ടീമിലെത്തിയില്ല. കെസിഎ ആ സമയത്ത് എവിടെയായിരുന്നുവെന്നും ശ്രീശാന്ത് തുറന്നടിച്ചു.