ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ ശുഭ്മാൻ ഗിൽ; പന്ത് വൈസ് ക്യാപ്റ്റൻ, കരുൺ നായരും ടീമിൽ

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകൻ. രോഹിത് ശർമ ടെസ്റ്റ് മതിയാക്കിയതോടെയാണ് ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെത്തുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. ജസ്പ്രീത് ബുംറ ടീമിലുണ്ടെങ്കിലും അടിക്കിടെ പരുക്ക് സംഭവിക്കുന്നത് കണക്കിലെടുത്താണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായ സായ് സുദർശനും ടീമിലുണ്ട്. മലയാളി താരം കരുൺ നായരും ടീമിലുൾപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് കരുൺ നായരെ തുണച്ചത്. മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. ധ്രുവ് ജുറേലിനെയും സെക്കൻഡ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കഴിവ് തെളിയിച്ചിട്ടും ശ്രേയസ് അയ്യർക്ക് ടീമിലേക്ക് വിളി എത്തിയില്ല
ഇന്ത്യൻ ടീം; ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദൂൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്