സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല; കസ്റ്റഡിയിൽ വേണം: സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും മറന്നു പോയെന്നാണ് സിദ്ധിഖ് നൽകിയ ഉത്തരമെന്നും, പോലീസ് ആവശ്യപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ പ്രതി തയ്യാറായില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുമ്പ് കള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നും സർക്കാർ പറഞ്ഞു.
സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതോടെ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഫലപ്രദമായ അന്വേഷണം നടക്കണമെങ്കിൽ സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, പ്രതി പുറത്ത് നിൽക്കുന്നതിനാൽ തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി
പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ധിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒരു കുറ്റവാളിയെപ്പോലെ പ്രതി ഒളിവിൽ പോയി. സിദ്ധിഖിന്റെ ക്ഷണപ്രകാരമാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് പരാതിക്കാരിയുടെ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ സിദ്ധിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. പരാതി നൽകാൻ 8 വർഷം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ഉയർന്നിരുന്നു. അതിനാൽ, ഡോണാൾഡ് ട്രംപിനെതിരെയും ഹോളിവുഡ് താരങ്ങൾക്കെതിരെയും ഇത്തരത്തിൽ വൈകി നൽകിയ പരാതികളും സർക്കാർ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഒക്ടോബർ 22-ന് പരിഗണിക്കും.