ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടെ തന്നെ; സ്വത്ത് തർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഒപ്പുകൾ വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ് ആരോപിച്ചിരുന്നത്
കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ.
ആർ. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തെരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.