Kerala

വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ

12കാരി നേഹ ആശുപത്രിയില്‍

സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ നെയ്യാറ്റിന്‍കരയില്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ 12കാരിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.ആഘോഷത്തിനിടെ നേഹയുടെ വലതുകാല്‍ പാദത്തില്‍ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ പെണ്‍കുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കടിച്ച പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചുകൊന്നു. സ്‌കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!