സോക്ക ഫുട്ബോള്‍ ലോകകപ്പ് 29ന് തുടങ്ങും
മസ്കത്ത്: ഏഷ്യയില്‍ ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ്(സിക്സ് എ സൈഡ്) ഈ മാസം 29ന് മസ്കത്തില് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലും മിഡില്‍ഈസ്റ്റിലും ആദ്യമായി നടക്കുന്ന സോക്കക്ക് വന്‍ ആവേശമാണ് ഇപ്പോള്‍തന്നെ ഒമാനില്‍ ലഭിക്കുന്നത്. ഡിസംബര്‍ ഏഴുവരെ നീളുന്ന മത്സരങ്ങള്‍ക്ക് ഇന്റെര്‍നാഷ്ണല്‍ സോക്ക ഫെഡറേഷനാണ് നേതൃത്വം നല്‍കുന്നത്.
ഓമാനിലേക്ക് ലോക ഫുട്ബോളിന്റെ ശ്രദ്ധക്ഷണിക്കുന്ന മത്സരങ്ങള്‍ക്കാണ് 10 ദിവസം സാക്ഷിയാവുക. ഒമാനിലെ കായിക, യുവജന, സാംസ്കാരിക രംഗത്തെ പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെയാണ് ഒമാനില്‍ മത്സരം നടത്തുന്നത്. 2018ല്‍ പോര്‍ച്ചുഗലിലാണ് സിക്സ് എ സൈഡ് സോക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആരംഭംകുറിച്ചത്. ഇന്റെര്‍നാഷ്ണല്‍ സോക്ക ഫെഡറേഷനിലെ അംഗങ്ങളായ ദേശീയ ടീമുകളാണ് സോക്ക രാജ്യാന്ത മത്സരത്തില്‍ മാറ്റുരക്കുകയെന്നതിനാല് കളിക്കളങ്ങളില്‍ തീപാറുമെന്ന് തീര്‍ച്ച.