Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 57

രചന: ശിവ എസ് നായർ

സൂര്യൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുക്കുമ്പോൾ രതീഷിന്റെ കരുത്തിൽ ഞെരിഞ്ഞമർന്ന നീലിമയുടെ നിലവിളി ആവണിശ്ശേരിയുടെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപോയി.

തന്നെ രക്ഷിക്കാൻ ആരും വരില്ലെന്നും താൻ മനസ്സ് വച്ചാൽ മാത്രമേ അവന്റെ കൈയിൽ നിന്നുമൊരു മോചനമുള്ളു എന്ന ചിന്തയിൽ നീലിമ തന്റെ സർവ്വ ശക്തിയും സംഭരിച്ച് മുഷ്ടി ചുരുട്ടി അവന്റെ കണ്ണുകളിൽ ആഞ്ഞിടിച്ചു. പ്രതീക്ഷിക്കാതെ മുഖത്ത് കിട്ടിയ ഇടിയുടെ ആഘാതത്തിൽ രതീഷിന്റെ പിടുത്തം അയഞ്ഞു.

ആ നിമിഷം തന്നെ ഒറ്റ കുത്തിപ്പിന് അവനെ തള്ളി മാറ്റി നീലിമ മുൻ വാതിലിന് നേർക്ക് ഓടി. വാതിൽ വലിച്ച് തുറന്ന് ഗേറ്റും കടന്ന് റോഡിലേക്ക് ഇറങ്ങി ഓടുമ്പോൾ അരയ്ക്ക് മുകളിലേക്ക് താൻ നഗ്നയാണെന്ന കാര്യം പോലും മറന്നിരുന്നു. രതീഷിന്റെ കൈയിൽ നിന്നും ഏത് വിധേനയും രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നത്.

ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങിയോടിയ നീലിമ ചെന്നിടിച്ചു നിന്നത് സൂര്യന്റെ ജീപ്പിന് മുന്നിലാണ്. അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തപ്പോൾ ജീപ്പ് താനെ ഓഫായി പോയിരുന്നു. വീണ്ടും ഓണാക്കി സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് നീലിമ അവന്റെ വണ്ടിയിൽ വന്നിടിച്ചു നിൽക്കുന്നത്. അവൻ വേഗം ബ്രേക്കിൽ കാലമർത്തി.

ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ അർദ്ധ നഗ്നയായി വണ്ടിക്ക് മുന്നിൽ വന്ന് ചാടിയവളെ കണ്ട് സൂര്യൻ ഒരു നിമിഷം ഞെട്ടിപ്പോയി. മുടിയൊക്കെ പാറി പറന്ന് നെഞ്ചിലും കഴുത്തിലും ഏറ്റ നഖക്ഷതത്തിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്ന ഒരു രൂപം… ജീപ്പിലെ വെളിച്ചം ശക്തിയായി കണ്ണിലേക്കടിച്ചപ്പോൾ നീലിമ കൈകൾ കൊണ്ട് മുഖം മറച്ചുനിന്നു. അപ്പോഴാണ് തന്റെ ശരീരത്തിൽ പാവാട മാത്രമേ ഉള്ളുവെന്ന ബോധം അവൾക്കുണ്ടാവുന്നത്.

നാണക്കേടും ഭയവും അവളെ വരിഞ്ഞു മുറുക്കി. നാണം മറയ്ക്കാൻ ഒരു തുണ്ട് തുണിക്കായി ചുറ്റിലും കണ്ണുകൾ കൊണ്ട് പരതിയവൾ ഇരുകൈകളും മാറിലേക്ക് പിണച്ചു വച്ചു.

ആദ്യത്തെ ഞെട്ടലൊന്ന് മാറിയതും സൂര്യൻ വേഗം ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചാടിയിറങ്ങി അവൾക്കടുത്തേക്ക് വന്നു. മുന്നിൽ വന്ന് നിന്ന പുരുഷ രൂപത്തെ പിടയ്ക്കുന്ന മിഴികളോടെ അവൾ നോക്കി. അത് സൂര്യനാണെന്ന് കണ്ടതും നീലിമയുടെയുള്ളിൽ ഭീതി വളർന്നു. അവൾ പെട്ടെന്ന് പിന്തിരിഞ്ഞു നിന്ന് കളഞ്ഞു. കണ്ണുനീർ ചാലുകൾ അവളുടെ കവിളിനെ നനച്ചു കൊണ്ട് ഭൂമിയിലേക്ക് പതിച്ചു.

“ഇതാ… ഇതിട്ടോളൂ…” സൂര്യൻ തന്റെ ഷർട്ട് ഊരി അവൾക്ക് നൽകി.

നാണം മറയ്ക്കാൻ ഒരു വസ്ത്രം കിട്ടിയ ആശ്വാസത്തോടെ നീലിമ അവന്റെ കൈയിൽ നിന്നും ഷർട്ട് വാങ്ങി വെപ്രാളത്തോടെ ധരിച്ചു.

“നീലൂ… നീ… നിനക്കെന്ത് പറ്റി? ആരാ നിന്നെ…” ചോദ്യം മുഴുമിക്കാൻ കഴിയാതെ വേദനയോടെ സൂര്യൻ ചോദിച്ചു.

അവന്റെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി.

“നീലു… ആരാ നിന്നെ ഉപദ്രവിച്ചത്…” ആവണിശ്ശേരിയിലേക്ക് നോക്കിയാണ് അവനത് ചോദിച്ചത്.

“ചെ… ചെറി… ചെറിയച്ഛൻ…” ഭീതിയോടെ അവളും വീടിന് നേർക്ക് കണ്ണ് പായിച്ചു.

സൂര്യന്റെ മിഴികളിൽ കോപം ഇരച്ചെത്തി.

“ആ ചെറ്റ അവിടെയുണ്ടോ?”

“ഉം…”

“നീ വന്നേ…” തൊട്ടടുത്ത നിമിഷം തന്നെ നീലിമയുടെ കയ്യിൽ പിടിച്ചവൻ ആവണിശ്ശേരിയിലേക്ക് നടന്നു.

“സൂര്യേട്ടാ വേണ്ട…” പേടിച്ചരണ്ട മാൻ പേടയെ പോലെ അവൾ പിന്നോട്ട് വലിഞ്ഞു.

“ഞാൻ കൂടെയുള്ളപ്പോൾ നിന്നെ ഒരുത്തനും തൊടില്ല. അവനിട്ടു രണ്ടെണ്ണം പൊട്ടിച്ചിട്ട് തന്നെ കാര്യം… ചെറ്റ.” സൂര്യന് കലി അടങ്ങുന്നുണ്ടായിരുന്നില്ല.

ഇരുവരും മുറ്റത്തേക്ക് കാലെടുത്തു വച്ചതും കണ്ടു മുണ്ട് മുറുക്കി ഉടുത്തുകൊണ്ട് ധൃതിയിൽ പുറത്തേക്ക് വരുന്ന രതീഷിനെ. സൂര്യനെ കണ്ടതും അവന്റെ മിഴികളൊന്ന് കുറുകി.

“നിനക്കെന്താടാ ഇവിടെ കാര്യം?”

“ഇവളുടെ ദേഹത്ത് കൈവയ്ക്കാൻ മാത്രം വളർന്നോ നീ?” രതീഷിന്റെ ചോദ്യത്തെ ഗൗനിക്കാതെ സൂര്യൻ ചോദിച്ചു.

“ഞാനിവളെ എനിക്കിഷ്ടമുള്ളത് ചെയ്യും. അത് ചോദിക്കാൻ നീ ആരാടാ. ഇറങ്ങി പോടാ എന്റെ വീട്ട് മുറ്റത്തു നിന്ന്.” രതീഷ് അലറി.

“പോയില്ലെങ്കിൽ നീ എന്ത് ചെയ്യും?”

“എന്ത് ചെയ്യുമെന്ന് ഞാൻ കാണിച്ചു തരാം. നീ മര്യാദക്ക് അകത്തേക്ക് കേറിപൊയ്ക്കോ. അതാ നിനക്ക് നല്ലത്.” നീലിമയെ നോക്കി പറഞ്ഞു കൊണ്ട് രതീഷ് ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്ത് കയറ്റി.

നീലിമ ഭയന്ന് സൂര്യന് പിന്നിലൊളിച്ചു. മുണ്ട് മടക്കി കുത്തി സൂര്യനും ഒരങ്കത്തിനു തയ്യാറെന്ന പോലെ നിന്നു.

“നീയൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. മര്യാദക്ക് അവളെ ഇവിടെ വിട്ടിട്ട് പോയില്ലെങ്കിൽ കളിമാറും.” രതീഷിന്റെ അതുവരെ കാണാത്ത ഒരു ഭാവത്തിൽ നീലിമ പകച്ചുപോയി.

അടുത്തിടപഴകിയിട്ടില്ലെങ്കിലും രതീഷ് ഒരു പാവമായിരിക്കുമെന്ന് നിനച്ചിരുന്ന സൂര്യനും അവന്റെ ആ പെരുമാറ്റം സംശയം ജനിപ്പിച്ചു.

രതീഷ് മുന്നോട്ട് വന്ന് സൂര്യനെ ഒരു വശത്തേക്ക് പിടിച്ചു തള്ളി നീലിമയുടെ കൈയിൽ പിടുത്തമിട്ടു.

“അവളെ കയ്യീന്ന് വിടടാ നായിന്റെ മോനെ…” സൂര്യൻ കാല് മടക്കി രതീഷിന്റെ നെഞ്ചുംകൂട് നോക്കി തൊഴിച്ചു.

രതീഷ് അവളിലെ പിടിവിട്ട് ഒറ്റ ചാട്ടത്തിന് വഴുതി മാറി സൂര്യന്റെ കാലിൽ പിടുത്തമിട്ടു. ശേഷം കാലിൽ പിടിച്ചു ഒന്ന് വട്ടം കറങ്ങി അവനെ നിലത്തേക്ക് ആഞ്ഞുതള്ളി.

“എന്നോട് തല്ല് കൂടി ജയിക്കാൻ മാത്രം വളർന്നിട്ടില്ല നീ. എന്റെ കാര്യത്തിൽ തലയിടാതെ ഇവളെ ഇവിടെ വിട്ട് പോണതാ നിനക്ക് നല്ലത്.” താക്കീതോടെ രതീഷ് പറഞ്ഞു.

ആദ്യമായി പ്രണയം തോന്നിയ പെണ്ണാണ് കണ്ണുനീർ പൊഴിച്ചു മുന്നിൽ നിൽക്കുന്നത്. അതിന് കാരണക്കാരനായവൻ മുന്നിൽ വിജയിയെ പോലെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. സൂര്യന്റെ നെഞ്ച് നീറി. സിരകളിൽ കോപം ഇരച്ചെത്തി.

നിലത്തു നിന്ന് ചാടിയെഴുന്നേറ്റവൻ ഒറ്റ കുതിപ്പിന് വായുവിൽ ഉയർന്ന് പൊങ്ങി രതീഷിന്റെ മുഖമടച്ചൊരു ഇടി കൊടുത്തു.

രതീഷും വിട്ട് കൊടുത്തില്ല. ഇരുവരും തമ്മിൽ പൊരിഞ്ഞ അടി തുടങ്ങി. ഉത്സവം കഴിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന നാട്ടുകാർ ആവണിശ്ശേരിക്ക് മുന്നിൽ കിടന്ന് അടിപിടി കൂടുന്ന സൂര്യനേം രതീഷിനേം കണ്ട് അവിടേക്ക് വന്നു.

“എന്താ… എന്താ ഇവിടെ പ്രശ്നം?” ബനിയനും മുണ്ടും മാത്രം ഇട്ട് നിൽക്കുന്ന സൂര്യനെയും അവന്റെ ഷർട്ട് ധരിച്ചു നിൽക്കുന്ന നീലിമയെയും സംശയത്തോടെ നോക്കി കൊണ്ട് വന്നവർ രതീഷിനോട് ചോദിച്ചു.

“ഞാൻ വീട്ടിലില്ലാത്ത നേരം നോക്കി ഇവൾ ഇവനെയിവിടെ വിളിച്ചു കേറ്റിയിരിക്കുന്നു. കണ്ടില്ലേ ഉടുതുണി പോലുമില്ലാതെ നിക്കുന്നത്.” നാട്ടുകാർ കൂടിയപ്പോൾ രതീഷ് അവസരത്തിനൊത്തു കളിച്ചു.

“പ്ഫാ ചെറ്റേ… അനാവശ്യം പറയുന്നോടാ.” സൂര്യൻ ചീറിക്കൊണ്ട് രതീഷിനെ തല്ലാൻ പോയി.

നാട്ടുകാരിൽ ആരൊക്കെയോ ചേർന്ന് സൂര്യനെ പിടിച്ചു മാറ്റി.

“ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നാ എനിക്ക് തോന്നുന്നത്. ഞാൻ രണ്ടിനേം കയ്യോടെ പിടിച്ചപ്പോ അവൾക്കിട്ട് ഒരെണ്ണം കൊടുത്തു. ഒന്നുല്ലേലും അമ്മ മരിച്ചു മാസമൊന്ന് തികഞ്ഞിട്ടില്ല. അതിന് മുൻപേ വേണമായിരുന്നോ ഇതൊക്കെ. അവളെ തല്ലിയതിനാ ഇവനെന്നെ തല്ലാൻ വന്നത്.” രതീഷ് അടുത്ത ഡയലോഗ് കാച്ചി.

“ഇയാള് പറയുന്നതൊക്കെ കള്ളമാ… ചെറിയച്ഛൻ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോ സൂര്യട്ടനാ എന്നെ വന്ന് രക്ഷിച്ചത്.” നീലിമ കരഞ്ഞു കൊണ്ട് ആൾക്കൂട്ടത്തെ നോക്കി സത്യം വിളിച്ചു പറഞ്ഞു.

“നനമുണ്ടോടി നിനക്ക്… ഇത്രേം കാലം എന്റെ ഉപ്പും ചോറും കഴിച്ചു വളർന്നിട്ട്… ഞാനിതു തന്നെ കേൾക്കണം. സത്യം ചെറിയമ്മയോട് കൂറില്ലാത്തവൾക്ക് എന്നോടെങ്ങനെ ഉണ്ടാവാനാ… നിന്നെ ഇത്രയും നാൾ ഒരു പോറല് പോലുമേൽക്കാതെ നോക്കിയ ഞാനാരായായി… നിന്നെ കേറി പിടിച്ചൂന്നുള്ള ആരോപണം കൂടി കേൾക്കാൻ എനിക്ക് വയ്യ.” രതീഷ് നെഞ്ച് തിരുമി കൊണ്ട് ഇറയത്തേക്ക് ഇരുന്നു.

കേട്ടവരൊക്കെ രതീഷിന്റെ വാക്കുകളെ വിശ്വസിച്ചു. സൂര്യന് നാട്ടിൽ അത്ര നല്ല പേരല്ലാത്തത് കൊണ്ടും നീലിമ ധരിച്ചിരിക്കുന്നത് അവന്റെ ഷർട്ടായതിനാലും രതീഷ് പറഞ്ഞതാണ് ശരിയെന്ന് അവർക്കൊക്കെ തോന്നി. അപ്പോഴേക്കും അയല്പക്കത്തെ പെണ്ണുങ്ങളും അവിടെ എത്തിയിരുന്നു.

“നിന്നെ കേറി പിടിച്ചെന്ന് പറഞ്ഞ് രതീഷിനെ കൂടി ഇവിടുന്ന് ഓടിച്ചിട്ട് വേണമായിരിക്കും നിനക്കിവിനെ തോന്നുമ്പോ ഒക്കെ വിളിച്ചു കേറ്റാനല്ലേ.”

“വയസ്സ് പതിനെട്ടു കഴിഞ്ഞപ്പോ തന്നെ പെണ്ണ് ഇങ്ങനെയാണെങ്കിൽ കുറച്ചൂടെ മൂത്താ പിടിച്ചാ കിട്ടൂല്ലല്ലോ.” പെണ്ണുങ്ങൾ എല്ലാവരും കേൾക്കെയാണ് അങ്ങനെ പറഞ്ഞത്.

സരോജനി അമ്മയുടെ അടക്കം കഴിഞ്ഞ ദിവസം രതീഷ് നീലിമയോട് പറഞ്ഞ വാക്കുകൾ അവർ മറന്നിട്ടില്ലായിരുന്നു.

താൻ നേരത്തെ തന്നെ മനസ്സിൽ പ്ലാൻ ചെയ്തത് പോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് കണ്ടപ്പോൾ രതീഷിന് സന്തോഷം അടക്കാനായില്ല. അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയാതെ സൂര്യനും ആശങ്കയിലായി.

“കൊച്ചേ… മര്യാദക്ക് പഠിച്ചു വല്ല ജോലിയും വാങ്ങാതെ ഈ പ്രായത്തിൽ തന്നെ കണ്ടവന്മാരെയൊക്കെ വിളിച്ചു വീട്ടിൽ കേറ്റാൻ നിനക്കിത് എന്തിന്റെ സൂക്കേടാ.”

“നിന്നെ കണ്ടാൽ പറയില്ലല്ലോ നീ ഇത്തരക്കാരി ആണെന്ന്.”

തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ നീലിമയെ അടിമുടി തളർത്തി. ചെയ്യാത്ത കാര്യത്തിനാണ് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുന്നതെന്ന് ഓർത്തപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയെങ്കില്ലെന്ന് അവളാശിച്ചു.

“മാനവും മര്യാദയ്ക്കും ജീവിക്കുന്നവരാ ഞങ്ങൾ. ഇവിടെ ഇതൊന്നും നടക്കില്ല.” റാണി അങ്ങനെ പറഞ്ഞപ്പോൾ മറ്റുള്ള സ്ത്രീകളും അവരെ അനുകൂലിച്ചു.

എല്ലാം കേട്ട് ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് പൊട്ടിക്കരയുന്നവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് സൂര്യനും അറിയില്ലായിരുന്നു. അവളെ അവിടെ നിർത്തിയിട്ടു പോരാൻ കഴിയില്ല. ഈ കൂടിയ ആളുകൾ ഒന്നും താൻ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല. രതീഷ് അത്രയേറെ അവരെയെല്ലാം സ്വാധീനിച്ചു കഴിഞ്ഞു.

തത്കാലം നീലിമയ്ക്കൊരു സംരക്ഷണം ആവശ്യമാണ്. അതിന് ഏറ്റവും സുരക്ഷിതമായൊരിടം തന്റെ തറവാട് തന്നെയാണ്.

“ഇനി ആർക്കും ഇവളെ കൊണ്ട് ഒരു ശല്യമുണ്ടാവില്ല. ഞാനിവളെ എന്റെ തറവാട്ടിലേക്ക് കൊണ്ട് പോവുകയാണ്.” എല്ലാവരെയും നോക്കി പറഞ്ഞുകൊണ്ട് ആളുകളെ വകഞ്ഞുമാറ്റി നീലിമയുടെ കൈ പിടിച്ചവൻ മുന്നോട്ടു നടന്നു. അവളെ ജീപ്പിൽ കൊണ്ടിരുത്തിയ ശേഷം സൂര്യൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“അങ്ങനെ പോയാൽ എങ്ങനെ ശരിയാവും. അവനവളെ മടുത്തു കഴിഞ്ഞാൽ ഭാര്യയെ മുക്കി കൊന്നത് പോലെ ഇവളേം ഇവൻ കൊല്ലില്ലെന്ന് ആര് കണ്ടു. അതുകൊണ്ട് നീലിമയെ ഇവിടുന്ന് കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല.” തടസ്സം പോലെ പറഞ്ഞു കൊണ്ട് രതീഷ് ജീപ്പിനടുത്തേക്ക് വന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button