സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണവും പരാജയപ്പെട്ടു; പേലോഡ് വിക്ഷേപിക്കാനായില്ല

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപണത്തിന്റെ ഒമ്പതാമത്തെ പരീക്ഷണവും പരാജയപ്പെട്ടു. പേലോഡ് വാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് സ്റ്റാർഷിപ്പ് തകരുകയായിരുന്നെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയാണ് പേടകം തകർന്നുവീണതെന്ന് വ്യക്തമല്ലെന്നും സ്‌പേസ് എക്‌സ് വിശദീകരിച്ചു.
ലാൻഡിംഗിന് തൊട്ടുമുമ്പ് പേടകത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് ഇന്ധന ചോർച്ചയാണ് ഇതിന് കാരണം. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്‌പേസ് എക്‌സ് കൂട്ടിച്ചേർത്തു.
മെയ് 28ന് പുലർച്ചെ അഞ്ച് മണിക്ക് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നത്. സ്റ്റാർഷിപ്പിന്റെ ഏഴും എട്ടും വിക്ഷേപണ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. 2025 ജനുവരിയിലായിരുന്നു ഏഴാം പരീക്ഷണം നടന്നത്. മാർച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തിലും സ്‌പേസ് എക്സിന് വിജയിക്കാനായില്ല. ഈ പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് ഒരു അഗ്നിഗോളമായി മാറിയതിനെ തുടർന്ന് സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.