യുഎസിലെത്താൻ ചെലവഴിച്ചത് 45 ലക്ഷം; ഒടുവിൽ കൈകാലുകൾ കെട്ടിയിട്ട് നാടുകടത്തി

ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ടവരെയും വഹിച്ചുള്ള രണ്ടാമത് വിമാനം ശനിയാഴ്ചയാണ് അമൃത്സറിൽ എത്തിയത്. നൂറിലധികം യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളാണ് പഞ്ചാബ് സ്വദേശിയായ സൗരവ്. അദ്ദേഹത്തിന്‍റെ കുടുംബം ഭൂമി വിറ്റും കടം വാങ്ങിയും സമാഹരിച്ച 45 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരവിനെ അമേരിക്കയിലേക്ക് അയച്ചത്. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഇയാൾ പിടിയിലായി.
ജനുവരി 27നാണ് സൗരവ് അമേരിക്കയിൽ എത്തുന്നത്. മെക്സിക്കോ വഴിയാണ് എത്തിയത്. മലയോര പ്രദേശത്തായിരുന്നു അതിർത്തി. ഇവിടെനിന്ന് മൂന്ന് ദിവസമെടുത്താണ് അതിർത്തി കടന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്‍റെ പിടിയിലായി. ആദ്യം തന്നെ അവർ മൊബൈൽ ഫോൺ പിടിച്ചെടുത്തു.
തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 2-3 മണിക്കൂറിനു ശേഷം ക്യാമ്പിലേക്ക് മാറ്റി. അവിടെവച്ച് ഫോട്ടോകളും വിരലടയാളങ്ങളും എടുത്തു. രണ്ടാഴ്ചയിലധികം ക്യാമ്പിൽ താമസിച്ചു. രണ്ട് ദിവസം മുമ്പ് മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. വിമാനത്തിൽ കയറിയപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയാണെന്ന് പറഞ്ഞതെന്നും സൗരവ് പറയുന്നു.
ഇന്ത്യയിൽനിന്ന് ഒന്നര മാസമെടുത്താണ് അമേരിക്കയിലെത്തുന്നത്. ഡിസംബർ 17ന് ആദ്യം മലേഷ്യയിലേക്ക് പോയി. അവിടെ ഒരാഴ്ച താമസിച്ചു. പിന്നെ മുംബൈയിലേക്ക് വന്നു. അവിടെ 10 ദിവസം കഴിച്ചുകൂട്ടി. മുംബൈയിൽനിന്ന് ആംസ്റ്റർഡാമിലേക്കും പിന്നീട് പനാമയിലേക്കും തപാച്ചുലയിലേക്കും തുടർന്ന് മെക്സിക്കോ സിറ്റിയിലേക്കും പോയി. തുടർന്നാണ് അതിർത്തിയിലെത്തിയത്.
അമേരിക്കൻ അധികാരികളോടുള്ള തന്‍റെ എല്ലാ അഭ്യർഥനകളും ബധിര കർണങ്ങളിലാണ് വീണതെന്ന് സൗരവ് പറയുന്നു. അദ്ദേഹത്തെയും മറ്റു അനധികൃത കുടിയേറ്റക്കാരെയും കൈകാലുകൾ കെട്ടിയാണ് നാടുകടത്തിയതെന്നും സൗരവ് വെളിപ്പെടുത്തി.