കളിക്കുന്നതിനിടെ വെള്ളം തെറിപ്പിച്ചു; ആറാം ക്ലാസുകാരന്‍റെ പല്ലടിച്ച് പൊട്ടിച്ച് അധ്യാപിക
ബംഗളൂരു: സ്കൂളിൽ കളിക്കുന്നതിനിടെ ഉടുപ്പിലേക്ക് വെള്ളം തെറിപ്പിച്ചതിന്‍റെ പേരിൽ ആറാം ക്ലാസുകാരന്‍റെ പല്ലടിച്ച് പൊട്ടിച്ച് അധ്യാപിക. ബംഗളൂരുവിലെ ഹോളി ക്രൈസ്റ്റ് ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അധ്യാപിക അസ്മത്തിനെതിരേ കേസെടുത്തു. സഹപാഠികൾക്കൊപ്പം പരസ്പരം വെള്ളം തെറിപ്പിച്ചു കളിക്കുന്നതിനിടെ ആ വഴി എത്തിയ ഹിന്ദി അധ്യാപികയായ അസ്മത്തിന്‍റെ വസ്ത്രത്തിലും വെള്ളം തെറിച്ചു. ഇതിൽ പ്രകോപിതയായ ടീച്ചർ മരത്തിന്‍റെ വടികൊണ്ട് കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള വിവിധ സെക്ഷനുകളാണ് അധ്യാപികയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്. 7 വർഷത്തിൽ കുറയാത്ത ശിക്ഷയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കു ലഭിക്കുക. എന്നാൽ അധ്യാപികയെ ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനു മുൻപ് ഇതേ അധ്യാപിക തന്‍റെ മകളെ അടിച്ചിരുന്നുവെന്നും കുട്ടിയുടെ കൈയിൽ നീരു വന്നതിനെത്തുടർന്ന് പരാതി നൽകിയപ്പോൾ സ്കൂൾ മാപ്പെഴുതി നൽകിയിരുന്നുവെന്നും കുട്ടിയും പിതാവ് പറയുന്നു. മകനോടും ഇതേ രീതിയിൽ പ്രവർത്തിച്ചതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും രക്ഷിതാവ് പറയുന്നു.
എന്നാൽ കുട്ടി വെള്ളം തെറിപ്പിച്ചപ്പോൾ അധ്യാപിക ദേഷ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നും കുട്ടി ഭയന്ന് തിരിഞ്ഞോടിയപ്പോൾ മേശയിൽ മുഖമിടിച്ചാണ് പല്ലു പൊട്ടിയതെന്നുമാണ് സ്കൂളിന്‍റെ വാദം