ചെക്ക് കേസ് ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി; തൊടുപുഴയിൽ എ എസ് ഐ പിടിയിൽ

തൊടുപുഴയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. തൊടുപുഴ സ്റ്റേഷനിലെ എഎസ്‌ഐ പ്രദീപ് ജോസാണ് പിടിയിലായത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10,000 രൂപ വാങ്ങിയെന്നാണ് കേസ്. പ്രദീപിന്റെ സഹായി റഷീദിന്റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ
സംവത്തിൽ വണ്ടിപ്പെരിയാർ സ്വദേശി റഷീദിനെയും പിടികൂടി. തൊടുപുഴ സ്വദേശിയായ ഒരു സ്ത്രീയുടെ പേരിൽ ചെക്ക് കേസ് ഉണ്ടായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ്. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
യുവതിയുടെ ഭർത്താവ് വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം പണം നൽകേണ്ടത് എങ്ങനെയാണെന്ന് പ്രദീപുമായി ഫോണിൽ സംസാരിച്ചു. സഹായി ആയ റഷീദിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു നിർദേശം. ഇതുപ്രകാരം പണം റഷീദിന്റെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നാലെയാണ് വിജിലൻസ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.