![](https://metrojournalonline.com/wp-content/uploads/2025/02/images7_copy_1920x1278-780x470.avif)
കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കര്‍ശന നിരീക്ഷണവുമായി കുവൈത്ത് അധികൃതര്‍. കള്ളപ്പണത്തിന്റെ കൈമാറ്റം ഒപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിക്കല്‍ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈത്ത് അധികൃതര്‍ രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
തട്ടിപ്പുകള്‍ തടയാനും നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് എക്‌സ്‌ചേഞ്ചുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നതെന്നും ഇതില്‍ സാധാരണ പ്രവാസികളും രാജ്യത്തെ പൗരന്മാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃത വിശദീകരിച്ചു. പതിവായി വലിയ സംഖ്യകള്‍ ചില പ്രത്യേക അക്കൗണ്ടുകളിലേക്ക് അയക്കുന്നവരെയും ചില അക്കൗണ്ടുകളിലേക്ക് മാത്രം വന്‍തുകകള്‍ എക്‌സ്‌ചേഞ്ച് വഴി കൈമാറ്റം ചെയ്യുന്നവരെയുമെല്ലാമാണ് അധികൃതര്‍ നോട്ടമിട്ടിരിക്കുന്നത്.
സ്വന്തം ഉറ്റവര്‍ക്കും നാട്ടിലുള്ള ബന്ധുജനങ്ങള്‍ക്കുമെല്ലാം തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട് അയക്കുന്ന പണത്തിനും നിരീക്ഷണം ബാധകമാകില്ലെന്നും ഇത്തരക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അധികൃതര്‍ സൂചന നല്‍കി. തങ്ങളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും അഞ്ചുവര്‍ഷത്തെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിച്ചിരിക്കണമെന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് അധികൃത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്ത് വിദേശകാര്യ മന്ത്രാലയവും യുഎന്‍ രക്ഷാസമിതിയും വിലക്ക് ഏര്‍പ്പെടുത്തിയ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത് യാതൊരു കാരണവശാലും രാജ്യത്ത് അനുവദിക്കില്ല. ഉപഭോക്താക്കളെന്ന വ്യാജേന മണി എക്‌സ്‌ചേഞ്ചുകളില്‍ എത്തുന്നവരില്‍ സംശയമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം. സംശയകരമായ ഇടപാടുകള്‍ കാണുന്ന പക്ഷം റിപോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത്തരം സംശയരമായ പണം കൈമാറ്റം 50 ദിനാറില്‍ താഴെയുള്ളത് ആണെങ്കില്‍പോലും നിരീക്ഷണ പരിധിയില്‍ വരുമെന്നും ഇതേക്കുറിച്ചും വ്യക്തമാക്കണമെന്നും കുവൈറ്റ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.