കോട്ടയത്തെ യുവതിയുടെയും മക്കളുടെയും ആത്മഹത്യ; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ

കോട്ടയം അയർകുന്നത്ത് അഭിഭാഷകയായ യുവതിയും മക്കളും പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ജിസ്‌മോളുടെ അച്ഛൻ പറഞ്ഞു. ജിസ്‌മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.
മുമ്പൊരിക്കൽ ജിസ്‌മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു പ്രതികരിച്ചു. ഭർത്താവിന്റെ വീട്ടിൽ ഭർതൃമാതാവും സഹോദരിയും ജിസ്‌മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് ആ വീട്ടിൽ എന്തോ കാര്യം നടന്നിട്ടുണ്ട്. അത് എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തണം. ജിസ്‌മോൾക്ക് ആവശ്യമുള്ള പണം ഒന്നും അവർ കൊടുത്തിരുന്നില്ല. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു.
അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളി വിട്ടതെന്നും കുടുംബം ആരോപിച്ചു. അഞ്ച് വയസുകാരി നേഹ, ഒരു വയസുകാരി നോറ എന്നിവരുമായാണ് ജിസ്‌മോൾ പുഴയിൽ ചാടി ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് മരിച്ച ജിസ്‌മോൾ. ജിസ്‌മോളുടെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്.