Kerala

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: സഹകരണ മേഖലയിലെ സിപിഎം കൊള്ളയുടെ രക്തസാക്ഷിയാണ് സാബുവെന്ന് വിഡി സതീശൻ

സഹകരണ മേഖലയിൽ സിപിഎം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയിൽ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവൻ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകൾക്ക് നിക്ഷേപം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല.

നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെയും ബാങ്കിൽ എത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും പണം ആവശ്യപ്പെട്ട് ചെന്നപ്പോൾ അപമാനിച്ചുവെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട് വി ഡി സതീശൻ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിന്റെ ഒത്താശയോടെ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് സി.പി.എം ഭരണം പിടിച്ചെടുത്തതാണ് കട്ടപ്പന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നും പാർട്ടി നോതാക്കൾക്കും ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും നിയമവിരുദ്ധമായി വായ്പകൾ നൽകിയതാണ് ബാങ്കിനെ സാമ്പത്തികമായി തകർത്തതെന്നും അദ്ദേഹം ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!