താനൂരിൽ കാണാതായ പെൺകുട്ടികളെ പൂനെയിൽ എത്തിച്ചു; ഉച്ചയോടെ കേരളാ പോലീസിന് കൈമാറും

മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മഹാരാഷ്ട്ര ലോണാവലയിൽ നിന്നും കണ്ടെത്തി. കുട്ടികൾ പൂർണസുരക്ഷിതരാണ്. ഇവരെ പൂനെയിൽ എത്തിച്ചു. ഇന്നുച്ചയോടെ താനൂർ പോലീസിന് പെൺകുട്ടികളെ കൈമാറും
മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടിൽ എത്തിച്ച ശേഷം കൗൺസിലിംഗ് ഉൾപ്പെടെ നൽകുമെന്ന് പോലീസ് അറിയിച്ചു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേ മുക്കാലോടെ ലോണാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്.
ഒന്നര ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്. കുട്ടികൾ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു.
പെൺകുട്ടികൾക്കൊപ്പം ഒരു യുവാവ് ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്‌മെന്റ് ചെയ്തതായി വിവരം ലഭിച്ചു. സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ കുട്ടികൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളെ കാണാനെത്തിയതാണെന്ന് പിന്നീട് പറഞ്ഞതായി മുംബൈയിലെ ലാസ്യ സലൂൺ ഉടമ ലൂസി പ്രിൻസ് പറഞ്ഞു
ഇന്നലെ നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവേ സ്‌റ്റേഷനിൽ എത്തി. പിന്നീട് നാല് മണിക്കൂറോളം അവിടെ തന്നെ തുടർന്നു. രാത്രി ഒമ്പത് മണിയോടെ മൊബൈൽ ഫോണിൽ പുതിയ സിം കാർഡ് ഇട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. എന്നാൽ രാത്രി 10.45ഓടെയ ഇവർ ചെന്നൈ എഗ്മോർ ട്രെയിനിൽ കയറി. 1.45ന് ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് പിടികൂടിയത്