World

ബഹിരാകാശ നടത്തത്തില്‍ ലോക റെക്കോര്‍ഡിനരികെ സുനിത വില്യംസ്

കാലിഫോര്‍ണിയ: എട്ട് ബഹിരാകാശ നടത്തങ്ങളുമായി കുതിക്കുകയാണ് നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. എട്ടാം തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയതോടെ സുനിത വില്യംസ് കരിയറിലെ സ്‌പേസ്വോക്കുകളുടെ (Extravehicular Activities) ദൈര്‍ഘ്യം 56 മണിക്കൂറിലേക്ക് ഉയര്‍ത്തി. ജനുവരി 23ന് അടുത്ത സ്‌പേസ്വോക്കിന് ഇറങ്ങുന്നതോടെ സുനിത വില്യംസ് വനിതകളുടെ ബഹിരാകാശ നടത്തങ്ങളില്‍ പുതു റെക്കോര്‍ഡിടും. ഏറ്റവും കൂടുതല്‍ സമയം സ്‌പേസ്വോക്ക് നടത്തിയിട്ടുള്ള പെഗ്ഗി വിറ്റ്സണിനെയാണ് സുനിത മറികടക്കുക.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭയായ വനിതാ സഞ്ചാരികളിലൊരാളാണ് സുനിത വില്യംസ്. 2025 ജനുവരി 16ന് തന്റെ എട്ടാം സ്‌പേസ്വോക്കിനായി (EVAs) സുനിത ഐഎസ്എസിന് പുറത്തിറങ്ങിയതോടെ കരിയറിലെ ആകെ ബഹിരാകാശ നടത്തിന്റെ ദൈര്‍ഘ്യം 56 മണിക്കൂറും 4 മിനിറ്റുമായി രേഖപ്പെടുത്തി. സുനിതയുടെ എട്ടാം ബഹിരാകാശ നടത്തം ആറ് മണിക്കൂര്‍ നീണ്ടുനിന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നിര്‍ണായക അറ്റകുറ്റപ്പണികളാണ് ഇത്തവണ സുനിതയും സഹപ്രവര്‍ത്തകന്‍ നിക്ക് ഹേഗും പൂര്‍ത്തിയാക്കിയത്.

ഇനി വരുന്ന 23-ാം തിയതി സുനിത വില്യംസ് വീണ്ടും ബഹിരാകാശ നടത്തത്തിനിറങ്ങും. ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്തെ അറ്റകുറ്റപ്പണികളാണ് ലക്ഷ്യം. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറാണ് അന്നേദിനം സ്‌പേസ്വോക്കില്‍ പങ്കാളി. 23-ാം തിയതിയിലെ സ്‌പേസ്വോക്ക് നാല് മണിക്കൂറിലേറെ നീണ്ടുനിന്നാല്‍ ഏറ്റവും കൂടുതല്‍ നേരം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിത എന്ന റെക്കോര്‍ഡ് സുനിത വില്യംസിന്റെ പേരിലാകും. നിലവില്‍ 60 മണിക്കൂറും 21 മിനിറ്റും സ്‌പേസ്വോക്ക് നടത്തിയിട്ടുള്ള ഇതിഹാസ അമേരിക്കന്‍ വനിതാ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണിന്റെ പേരിലാണ് റെക്കോര്‍ഡ്. 2002നും 2017നുമിടയില്‍ 10 എക്സ്ട്രാവെഹിക്യുളാര്‍ ആക്റ്റിവിറ്റികളാണ് പെഗ്ഗി നടത്തിയത്.

Related Articles

Back to top button
error: Content is protected !!