യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണം: കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണത്തിന്റെ അഭാവം യൂട്യൂബര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
യൂട്യൂബിലെ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെങ്കില്‍ കോടതിക്ക് വളരെ സന്തോഷമായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു. ഹാസ്യനടന്‍ സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയില്‍ താന്‍ നടത്തിയ മോശം തമാശയുടെ പേരില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ നല്‍കിയ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിലെ അപാകത പരിഹരിക്കാന്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ബെഞ്ച് ആവശ്യപ്പെട്ടു. വെങ്കിട്ടരമണി, മേത്ത എന്നിവര്‍ അടുത്ത ഹിയറിംഗില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.