റിയാദിലെ 60 ശതമാനവും മെട്രോ സര്‍വിസ് ഉപയോഗിക്കുമെന്ന് സര്‍വേ
റിയാദ്: സഊദി തലസ്ഥാനമായ റിയാദിലെ 60 ശതമാനം ജനങ്ങളും മെട്രോ സര്‍വിസ് ഉപയോഗിക്കുമെന്ന് സര്‍വേ. തങ്ങളുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളായ ഓഫീസിലേക്കുള്ള യാത്ര, കുട്ടികളുടെ വിദ്യാലയങ്ങളിലേക്കുള്ള യാത്ര തുടങ്ങിയവക്കെല്ലാം മെട്രോയെയും പൊതുഗതാഗത മാര്‍ഗത്തേയും ഉപയോഗിക്കുമെന്നാണ് നാഷ്ണല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഒപീനിയന്‍ പോള്‍സ്(റായ്) സര്‍വേയില്‍നിന്നും ബോധ്യപ്പെട്ടിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പുതിയ മെട്രോ സര്‍വിസ് തങ്ങളുടെ യാത്രാപദ്ധതിയില്‍ മാറ്റംകൊണ്ടുവരുമെന്ന് വ്യക്തമാക്കി. റിയാദിലേക്ക് കൂടുതല്‍ നിക്ഷേപം എത്താന്‍ മെട്രോ കാരണമാവുമെന്ന് സര്‍വേയില്‍ പ്രതികരിച്ചവരില്‍ 80 ശതമാനവും അഭിപ്രായപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് മെട്രോയുടെ വരവോടെ കുറയുമെന്ന് 81 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 83 ശതമാനം മെട്രോ വരുന്നത് പരിസ്ഥിതിക്ക് നല്ലതാണെന്നും പ്രതികരിച്ചു.
വിനോദങ്ങള്‍ക്കായുള്ള യാത്രകള്‍ക്കായി മെട്രോയെ ഉപയോഗപ്പെടുത്തുമെന്ന് 30 ശതമാനം പ്രതികരിച്ചപ്പോള്‍, 24 ശതമാനം മെട്രോയെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് ഷോപ്പിങ്ങിന് പോകാന്‍ വേണ്ടിയാണ്. 15 ശതമാനം കുടുംബക്കാരെയും ബന്ധുക്കളെയും കാണാന്‍ വേണ്ടിയുള്ള യാത്രക്കായി മെട്രോ സര്‍വിസ് പ്രയോജനപ്പെടുത്തുമെന്നും വ്യക്തമാക്കി.