സിഡ്നിയിലും തോറ്റ് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര കൈവിട്ട് ഇന്ത്യ. 10 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര പിടിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടം ഓസീസ് മണ്ണിൽ വിജയേതിഹാസം രചിച്ച ഇന്ത്യ പക്ഷെ ഇത്തവണ ദയനീയമായി പരാജയപ്പെട്ടു. സിഡ്നി ടെസ്റ്റിലും തോറ്റ് പരമ്പര 3-1ന് നഷ്ടമായതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലൽ കാണാതെ ഇന്ത്യ പുറത്തായി.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പരമ്പരയിൽ പെർത്തിൽ ജയിച്ച് 1-0ന് മുൻപിൽ നിന്നതിന് ശേഷമാണ് ഇന്ത്യ 1-3ന് തോൽവി വഴങ്ങിയത്. ബുമ്രയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ പെർത്തിൽ ജയിച്ചത്. പെർത്ത് ടെസ്റ്റിലാണ് ഇന്ത്യൻ ബാറ്റർമാർ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. മോശം ഫോം തുടർന്നതിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സിഡ്നിയിലെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇതും സിഡ്നിയിൽ ഇന്ത്യയുടെ പ്രകടനത്തിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവന്നില്ല.
സിഡ്നിയിൽ രണ്ടാം ഇന്നിങ്സിൽ 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ 27 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയം തൊട്ടു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ബുമ്രയ്ക്ക് പന്തെറിയാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സിൽ 58-3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണെങ്കിലും ട്രാവിസ് ഹെഡ്ഡും വെബ്സ്റ്ററും ചേർന്ന് കൂട്ടുകെട്ട് സൃഷ്ടിച്ച് വലിയ അപകടങ്ങളില്ലാതെ ഓസ്ട്രേലിയയെ ജയിപ്പിച്ചു കയറ്റി.
39 റൺസിൽ നിൽക്കെ ഓപ്പണർ കോൺസ്റ്റാസിന്റെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. തൊട്ടുപിന്നാലെ ആറ് റൺസ് മാത്രം എടുത്ത് നിന്ന ലാബുഷെയ്നേയും പ്രസിദ്ധ് മടക്കി. വീണ്ടും ഓസ്ട്രേലിയയെ പ്രഹരിച്ച് പ്രസിദ്ധ് എത്തിയപ്പോൾ സ്റ്റീവ് സ്മിത്തും മടങ്ങി. നാല് റൺസ് മാത്രമാണ് സ്മിത്ത് നേടിയത്. എന്നാൽ ഖ്വാജ ഒരു വശത്ത് പിടിച്ചു നിന്ന് 41 റൺസ് നേടി. ഓസീസ് സ്കോർ 100 റൺസ് പിന്നിട്ടതിന് ശേഷമാണ് ഖ്വാജ മടങ്ങിയത്. ഖ്വാജ മടങ്ങിയതിന് പിന്നാലെ ട്രാവിസ് ഹെഡ്-വെബ്സ്റ്റർ സഖ്യം ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 185 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 181ൽ പുറത്താക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്ററും പൊരുതാൻ തയ്യാറായില്ല. 33 പന്തിൽ നിന്ന് 61 റൺസ് നേടി പന്ത് മത്സരത്തിന്റെ ഗതി തിരിക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു ഇന്ത്യൻ ബാറ്ററിൽ നിന്നും പന്തിന് പിന്തുണ ലഭിച്ചില്ല.
ടീമിൽ അഴിച്ചുപണി?
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതോടെ ഇന്ത്യൻ റെഡ് ബോൾ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ കോഹ്ലി എന്നിവരുടെ ഫോമില്ലായ്മ വൻ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് എഡിഷനുള്ള ടീമിൽ ഇരുവരും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാണ്. പരിശീലകൻ ഗംഭീറിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നു. ഓസ്ട്രേലിയയിലേക്ക് വരുന്നതിന് മുൻപ് ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പര 3-0ന് ആണ് ഇന്ത്യ കൈവിട്ടത്. അതിന് മുൻപ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഗംഭീറിന് കീഴിൽ ഇന്ത്യ തോറ്റിരുന്നു.