ഇസ്രായേൽ നേടിയത് ചരിത്ര വിജയം; ട്രംപിനോളം നല്ലൊരു സുഹൃത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു

ഇറാനെതിരെ ഇസ്രായേൽ നേടിയത് ചരിത്ര വിജയമെന്ന് ഇ്സ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കക്ക് നെതന്യാഹു നന്ദി അറിയിച്ചു. വിജയം തലമുറകളോളം നിലനിൽക്കും. രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായപ്പോൾ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർത്തെഴുന്നേറ്റു. നമ്മുടെ ഗർജനം ടെഹ്‌റാനെ പിടിച്ചുകുലുക്കിയെന്നും നെതന്യാഹു പറഞ്ഞു
വൈറ്റ് ഹൗസിൽ ട്രംപിനോളം നല്ല സുഹൃത്ത് തനിക്ക് വേറെയുണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാൻ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കക്കും നന്ദിയെന്നും നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാനായതും യുദ്ധം അവസാനിപ്പിക്കാനായതും വലിയ ബഹുമതിയെന്ന് ട്രംപും പ്രതികരിച്ചു
അതേസമയം ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറക്കും. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാജ്യങ്ങളുടെ യോഗം ചേർന്നു
12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ ടെഹ്‌റാനിൽ വൻ ആഘോഷപ്രകടനം നടന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ ചിത്രങ്ങളുമായാണ് ജനം തെരുവിവിലിറങ്ങിയത്