ന്യൂനമർദം ശക്തിപ്രാപിച്ചു: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്, തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത

വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ഏലത്തൂർ കോസ്റ്റൽ പോലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ഡിസംബർ അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ രാത്രിയിൽ കനത്ത മഴയായിരുന്നു. വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ രാവിലെ മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.