കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തം: എട്ട് കോടിയുടെ നാശനഷ്ടം, പോലീസ് കേസെടുത്തു

കോഴിക്കോട് പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിലാണ് തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവർത്തിച്ചിരുന്നതിനാൽ നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു.
സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും കടയിൽ വലിയ തോതിൽ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങൾ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടരുകയും ചെയ്തു. കെട്ടിടത്തിൽ നിന്ന് ഉടൻ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും സംഭവിച്ചില്ല.