Kerala
ചെന്നൈ വടപളനിയിൽ 14 വയസുകാരൻ ഓടിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. വടപളനി കുമരൻനഗറിലാണ് അപകടം നടന്നത്. വടപളനി സ്വദേശിയായ ശ്യാമിന്റെ 14 വയസുള്ള മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചത്. ശ്യാം മകനോട് കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകുകയായിരുന്നു. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാറുമായി പുറത്തേക്കിറങ്ങി.
നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്ന 69കാരായ മഹാലിംഗത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരുക്കേറ്റ മഹാലിംഗം ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റി.