48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണം; സിറിയയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

വിമത നീക്കത്തിൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയയിൽ നിരന്തരം വ്യോമാക്രമണം നടത്തി ഇസ്രായേൽ. 48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിൽ നടത്തിയത്. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം
സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ വ്യോമാക്രമണത്തെ തുടർന്ന് ഉഗ്ര ശബ്ദങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസദ് സർക്കാരിന്റെ രാസായുധങ്ങളും ദീർഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു.
ആയുധങ്ങൾ തീവ്രവാദികളുടെ കൈകളിലെത്താതിരിക്കാനാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സർ പറഞ്ഞത്. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് 2013ൽ സിറിയ സമ്മതിച്ചിരുന്നു. സിറിയയുടെ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റഡാറുകൾ, ആയുധശേഖരങ്ങൾ തുടങ്ങിയവ ഇസ്രായേലിന്റെ ആക്രമണത്തിൽ തകർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.