അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചോളൂ; മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി
കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വ്യാജമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും, എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ജോസ് കെ. മാണി വ്യക്തമാക്കി.
“കേരള കോൺഗ്രസ് മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുമാത്രമല്ല, എൽഡിഎഫിന്റെ അവിഭാജ്യഘടകമാണ് കേരള കോൺഗ്രസ്. എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നത്,” ജോസ് കെ. മാണി പറഞ്ഞു.
ആരെങ്കിലും പരസ്യമായോ രഹസ്യമായോ ചർച്ചചെയ്തിട്ടുണ്ടെങ്കിൽ അതിനുവച്ച വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ജോസ് കെ. മാണി പറഞ്ഞു. “കഴിഞ്ഞ 60 വർഷക്കാലമായ കേരള രാഷ്ട്രിയത്തെ നയിച്ച ശക്തിയായി നിലനിന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടി മാറുന്നത് സംബന്ധിച്ച ഒരു അജണ്ട പാർട്ടിക്കില്ല.”
യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും, അത് പാർട്ടി തള്ളുമെന്നും ജോസ്. കെ മാണി പറഞ്ഞു. നടന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.