National

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ മദന്‍ ബോബ് എന്ന അറിയപ്പെടുന്ന എസ്. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 71 വയസായിരുന്നു. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം. സഹനടനായും ഹാസ്യ നടനായും നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മദന്‍ ബോബ്.

 

600 സിനിമകളിലധികം അഭിനയിച്ചിട്ടുള്ള ബോബിന്‍റെ ട്രേഡ്മാര്‍ക്ക് ചിരി അദ്ദേഹത്തെ ‘ പുഞ്ചിരികളുടെ രാജാവ് ‘ (പുന്നഗൈ മന്നന്‍) എന്ന വിശേഷണത്തിനും അര്‍ഹനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വാനമേ എല്ലൈ (1992) എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

തെന്നാലിയിലെ ഡയമണ്ട് ബാബുവും (2000), ഫ്രണ്ട്‌സിലെ (2000) മാനേജര്‍ സുന്ദരേശനും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ വേഷങ്ങളില്‍ ചിലതാണ്. തേവര്‍ മകന്‍ (1992), സതി ലീലാവതി (1995), ചന്ദ്രമുഖി (2005), എതിര്‍ നീചല്‍ (2013) എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

തേവര്‍ മകനിലെ അഭിനയം കണ്ട് ശിവാജി ഗണേശന്‍ അഭിനന്ദിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ മദന്‍ ബോബ് പറയുകയുണ്ടായി. അഭിനയത്തിനു പുറമെ പാശ്ചാത്യ, ക്ലാസിക്കല്‍, കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടിയ ബോബ് ഒരു സംഗീതജ്ഞന്‍ എന്ന നിലയിലും അറിയപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!