സ്ത്രീകൾക്കെതിരായ മോശം പരാമർശം: ക്ഷമാപണം നടത്തി തമിഴ്‌നാട് മന്ത്രി പൊന്‍മുടി

ചെന്നൈ: ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിനു പിന്നാലെ ക്ഷമാപണം നടത്തി തമിഴ്‌നാട് മന്ത്രി പൊന്‍മുടി. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അതിൽ താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വളരെക്കാലമായി പൊതുജീവിതത്തിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, ഈ വീഴ്ചയിൽ താൻ അഗാധമായി ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലർക്കും വേദനയുണ്ടാക്കിയതിൽ മനസ്താപമുണ്ടെന്നും ക്ഷമാപണത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ദ്രാവിഡ പ്രസ്ഥാനത്തിലെ പ്രശസ്ത പ്രഭാഷകനായ തിരുവാരൂർ കെ. തങ്കരശുവിന്‍റെ ശതാബ്ദി വർഷത്തിന്‍റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം.
വിവാദ പരാമർശത്തിനു പിന്നാലെ പൊന്‍മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നീക്കം ചെയ്തു. എന്നാൽ ഈ നീക്കം ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലിൽ വ്യക്തമാക്കിയിട്ടില്ല.
പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പരാമർശം. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയും മന്ത്രി സംസാരിച്ചു. പിന്നാലെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പരാമർശം വിവാദമാകുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തത്. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം