ലക്ഷ്യം ഒന്നാമിന്നിംഗ്‌സ് ലീഡ്: രഞ്ജി സെമിയിൽ കേരളം ഒന്നാമിന്നിംഗ്‌സിൽ 457ന് പുറത്ത്

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസിന് പുറത്തായി. മൂന്നാം ദിനമായ ഇന്ന് 7ന് 418 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്. 39 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു
11 റൺസെടുത്ത ആദിത്യ സർവതെയാണ് ഇന്ന് ആദ്യം പുറത്തായത്. പിന്നാലെ സ്‌കോറിംഗിന്റെ വേഗത ഉയർത്താൻ അസ്ഹറുദ്ദീൻ ശ്രമിച്ചു. പരമാവധി ബൗണ്ടറികൾ കണ്ടെത്താനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ 5 റൺസെടുത്ത നിധീഷും പുറത്തായി. ഇതോടെ കേരളം 9ന് 455 റൺസ് എന്ന നിലയിലേക്ക് വീണു. തൊട്ടുപിന്നാലെ ഒരു റൺസെടുത്ത എൻ ബേസിലും വീണതോടെ കേരളത്തിന്റെ പോരാട്ടം 457ൽ അവസാനിച്ചു
177 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. 341 പന്തുകൾ നേരിട്ട അദ്ദേഹം 20 ബൗണ്ടറികളും ഒരു സിക്‌സും കണ്ടെത്തി. അവസാന രണ്ട് ബാറ്റ്‌സ്മാൻമാർ മാത്രമാണ് കേരളാ ഇന്നിംഗ്‌സിൽ രണ്ടക്കം കാണാതെ പുറത്തായത്. സച്ചിൻ ബേബി 69, സൽമാൻ നിസാർ 52 എന്നിവർ അർധ സെഞ്ച്വറികൾ നേടിയിരുന്നു.
അക്ഷയ് ചന്ദ്രൻ 30 റൺസും രോഹൻ കുന്നുമ്മൽ 30 റൺസുമെടുത്തു. വരുൺ നായനാർ 10 റൺസിനും ജലജ് സക്‌സേന 30 റൺസിനും വീണു. അഹമ്മദ് ഇമ്രാൻ 24 റൺസെടുത്തു. ഗുജറാത്തിന് വേണ്ടി അർസാൻ നാഗ്വാസാല മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചിന്തൻ ഗജ 2 വിക്കറ്റെടുത്തു. പി ജഡേജ, രവി ബിഷ്‌ണോയി, വിശാൽ ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഗുജറാത്തിനെ എത്രയും വേഗം പുറത്താക്കി ഒന്നാമിന്നിംഗ്‌സ് ലീഡ് നേടുകയെന്നതാകും കേരളത്തിന്റെ ലക്ഷ്യം. ഒരു റൺസിനെങ്കിലും ലീഡ് നേടാനായാൽ മത്സരം സമനിലയിൽ അവസാനിച്ചാലും കേരളത്തിന് കലാശപ്പോരിലേക്ക് മുന്നേറാം. ക്വാർട്ടർ ഫൈനലിലും കേരളം ഒന്നാമിന്നിംഗ്‌സിലെ ഒരു റൺ ലീഡിന്റെ ബലത്തിലാണ് സെമിയിൽ കടന്നത്.