Kerala

ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ; റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ

കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എഴുകോണ്‍ പോലീസെത്തി പോസ്റ്റ് നീക്കം ചെയ്തു.

രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളിലേക്കെത്തുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.

സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലാകുന്നത്. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!