തസ്മിത്ത് കന്യാകുമാരിയിലോ; കേരളാ പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക്, അന്വേഷണം പുരോഗമിക്കുന്നു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ തേടി കേരളാ പോലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. വനിതാ എസ് ഐ അടക്കമുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് തിരിച്ചത്. പെൺകുട്ടി ബാംഗ്ലൂർ-കന്യാകുമാരി എക്‌സ്പ്രസിൽ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്
കുട്ടി കന്യാകുമാരിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്‌നാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി എസ്പിയുമായി സംസാരിച്ചതായും പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടതായും ഡിസിപി അറിയിച്ചു. കന്യാകുമാരി എത്തുന്നതിന് മുമ്പ് കുട്ടി കയറിയ ട്രെയിനിൽ അഞ്ച് സ്റ്റോപ്പുകളുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് പരിശോധന
ഇന്ന് പുലർച്ചെ പോലീസിന് നിർണായക വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിൽ കയറിയതായി ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരിയാണ് പോലീസിന് വിവരം കൈമാറിയത്
തിരുവനന്തപുരത്ത് നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പോലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നത് കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയാണ് പോലീസിന് കൈമാറിയത്. കുട്ടിയുടെ പക്കൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പോലീസിനെ അറിയിച്ചു. കുട്ടിയുടെ വീട്ടുകാർ ഫോട്ടോ കണ്ട് ഇത് തസ്മിത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.