കുട്ടികളുടെ ഭാവിക്ക് ടാറ്റ, എസ്.ബി.ഐ ഫണ്ടുകള്‍
മുംബൈ: ഏതൊരു അച്ഛനമ്മമാരുടെയും വലിയ പ്രതീക്ഷയും ആശങ്കകളുമാണ് മക്കളും അവരുടെ പഠനം ഉള്‍പ്പെടെയുള്ള ഭാവി കാര്യങ്ങളുമെല്ലാം. എന്നാല്‍ നേരത്തെ ആസൂത്രണം ചെയ്ത് പണം നിക്ഷേപിക്കാനായാല്‍ ഭാവിയില്‍ ഉണ്ടാവുന്ന ആവശ്യങ്ങള്‍ക്ക് അത് ഉപകരിച്ചേക്കും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.
ചില്‍ഡ്രന്‍സ് മ്യൂച്വല്‍ ഫണ്ടുകളുടെ വിഭാഗത്തില്‍ വരുന്ന ടാറ്റയുടേയും എസ്ബിഐയുടേയും ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിന്റേയും നിക്ഷേപ പദ്ധതികളാണിവ. ലോക് ഇന്‍ പീരിയഡുള്ള ഇത്തരം ഫണ്ടുകള്‍ കഴിഞ്ഞ 3, 5 വര്‍ഷ കാലയളവുകളില്‍ മികച്ച റിട്ടേണ്‍ നല്‍കിയിട്ടുള്ളവ ആയതിനാലാണ് ഇവയെക്കുറിച്ച് പറയുന്നത്.
1. ടാറ്റ യങ് സിറ്റിസണ്‍സ് ഫണ്ട്
കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് ദീര്‍ഘകാല നിക്ഷേപം പരിഗണിക്കുന്നവര്‍ക്ക് നോക്കാവുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ടാണിത്. 387 കോടി രൂപ കൈകാര്യം ചെയ്യുന്ന ഫണ്ടിന്റെ എക്‌സ്പന്‍സ് അനുപാതം 2.18 ശതമാനമാണ്. ഈ ഫണ്ടിന്റെ ലോക് ഇന്‍ പീരിയഡ് കുറഞ്ഞത് 5 വര്‍ഷം അല്ലെങ്കില്‍ കുട്ടി പ്രായപൂര്‍ത്തിയെത്തുന്ന സമയം (ഏതാണോ ആദ്യം) എന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 16.60 ശതമാനം, 5 വര്‍ഷങ്ങളില്‍ 21.54 ശതമാനം എന്നിങ്ങനെ സിഎജിആര്‍ നേട്ടം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്.
2. എസ്.ബി.ഐ മാഗ്‌നം ചൈല്‍ഡ് ബെനഫിറ്റ് ഫണ്ട്
ആദ്യ ഫണ്ടിന് സമാനമായി ദീര്‍ഘകാലത്തേക്ക് പരിഗണിക്കാവുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ടാണ് എസ്.ബി.ഐ മാഗ്‌നം ചൈല്‍ഡ് ബെനഫിറ്റ്. ഏകദേശം 2,700 കോടി രൂപയാണ് കൈകാര്യം ചെയ്യുന്നത്. ഇക്വിറ്റി-ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികളില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന റിസ്‌കുണ്ടെങ്കിലും, മികച്ച നേട്ടം നല്‍കിയിട്ടുമുണ്ട്. പോയ 3 വര്‍ഷങ്ങളില്‍ 27.27ശതമാനം, അഞ്ച് വര്‍ഷങ്ങളില്‍ 45.79 ശതമാനം എന്നിങ്ങനെ സിഎജിആര്‍ നേട്ടം നല്‍കി. ഈ ഫണ്ടിന്റെ എക്‌സ്പന്‍സ് അനുപാതം 0.85 ശതമാനമാണ്.
3. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ചൈല്‍ഡ് കെയര്‍ ഫണ്ട് – ഗിഫ്റ്റ് പ്ലാന്‍
കഴിഞ്ഞ 3 വര്‍ഷത്തില്‍ 19.80 ശതമാനവും 5 വര്‍ഷത്തില്‍ 19.96 ശതമാനവും റിട്ടേണ്‍ നല്‍കിയ ഈ ഫണ്ടും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കാവന്നതാണ്. 1,364 കോടി രൂപ കൈകാര്യം ചെയ്യുന്ന ഈ ഫണ്ടിന്റെ എക്‌സ്പന്‍സ് അനുപാതം 1.38 ശതമാനമാണ്.
(ഇത് ഒരിക്കലും മ്യൂച്വല്‍ഫണ്ടുകള്‍ വാങ്ങാനോ, കൈവശമുള്ളവ ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ലെന്ന് അറിയിക്കട്ടെ. ഓഹരികളിലേയും അനുബന്ധ മേഖലകളിലേയും നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം തീരുമാനം കൈക്കൊള്ളാന്‍. നിക്ഷേപവുമായി ബന്ധപ്പെട്ടുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് മെട്രോ ജേണല്‍ ഓണ്‍ലൈനോ, ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല. ഫണ്ടുകള്‍ മുന്‍കാല പ്രകടനം ഭാവിയില്‍ തുടരണമെന്നു നിര്‍ബന്ധമില്ലെന്ന വസ്തുതയും നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.)