യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
![ദുബായ് 1200](https://metrojournalonline.com/wp-content/uploads/2025/01/images13_copy_2048x1536-780x470.avif)
ദുബൈ: അര്‍ദ്ധരാത്രിയില്‍ കാറില്‍ കയറിയ യാത്രക്കാരിയായ യൂറോപ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്. ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം മദ്യപിച്ച് കാറില്‍ കയറിയ യുവതിയെയാണ് ദുബായ് ലക്ഷറി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഡ്രൈവര്‍ ആളൊഴിഞ്ഞ മേഖലയില്‍ കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമായിരുന്നു കേസിന് ആസ്പദമായ സംഭവം.
ബിസിനസ് ബേയിലെ ഹോട്ടലിന് സമീപത്തുനിന്നായിരുന്നു യുവതി ടാക്‌സി വിളിച്ചത്. യുവതിയെ കാറില്‍ കയറ്റിയ ഏഷ്യക്കാരനായ ഡ്രൈവര്‍ മറ്റൊരു റോഡിലൂടെ വാഹനം ഓടിക്കുകയും വെളിച്ചം കുറഞ്ഞ വിജനമായ പ്രദേശത്ത് വെച്ച് യുവതിയെ പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷവിധിച്ചിരിക്കുന്നത്. തടവുകാലം അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും വിധിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയാക്കിയ ശേഷം ഡ്രൈവര്‍ കടന്നു കളയുകയും യുവതി അര്‍ധബോധത്തില്‍ മറ്റൊരു ടാക്‌സി വിളിച്ച് താമസ സ്ഥലത്തെത്തുകയുമായിരുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായെന്നത് യുവതിക്ക് ബോധ്യപ്പെട്ടത്.