നാടിനെ നടുക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനന്തപുരം: കേരളക്കരയെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവനറ്റ അഞ്ചുപേരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മൃതദേഹം വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങൾക്കാണ് നാട് ഒന്നാകെ സാക്ഷിയായത്.
അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയിൽ ഒന്നദിവസംകൊണ്ട് നഷ്ടമായത് അഞ്ചുപേരുടെ ജീവനാണ്. ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ ധാരാളമാളുകളാണ് വീടുകളിലേക്ക് എത്തിയത്. അഫാന്റെ പെൺസുഹൃത്തായ ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം എത്തിച്ചത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ ഖബറക്ക ചടങ്ങുകൾ നടന്നു.
പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടന്നത്. പാങ്ങോടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേയും അഫ്‌സാന്റെയും മൃതദേഹം ആദ്യം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.
അതേസമംയ എല്ലാവരെയും പ്രതി ആക്രമിച്ചത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവർക്കെല്ലാം തലയ്ക്കാണ് കൂടുതൽ പരിക്കേറ്റത്. അഫാനെതിരെ നിലവിൽ മറ്റ് കേസുകൾ ഒന്നും തന്നെയില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. കൊലപാതകത്തിനുള്ള കാരണങ്ങൾ ഇപ്പോഴും വ്യക്തമാകാനുണ്ട്. എന്നാൽ, അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ല എന്നും ഡിവൈഎസ്പി പറഞ്ഞു.