
ദുബൈ: തെലുങ്ക് സിനിമാ രംഗത്തെ പ്രശസ്തനായ നിര്‍മാതാവും ബിസിനസുകാരനുമായ കേദാര്‍ സെലഗാം ഷെട്ടി (42) യെ ജുമൈറ ലേക്ക് റിസോട്ടിലെ അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്കു ശേഷമാണ് മരിച്ചതായി കണ്ടെത്തിയത്. ദുബൈയിലേക്ക് ചില സംരംഭങ്ങളുമായി ചേക്കേറിയ സെലഗാം മകള്‍ക്കൊപ്പമായിരുന്നു ദുബൈയില്‍ താമസിച്ചിരുന്നത്.
തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ അല്ലു അര്ജുന്, വിജയ് ദേവരകൊണ്ട തുടങ്ങിയ നിരവധി പ്രമുഖരുമായി വളരെ അടുത്ത ബന്ധമുള്ള നിര്‍മാതാവായിരുന്നു ഇദ്ദേഹം. റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്നു ദുബൈയില്‍ കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാന ഗള്‍ഫ് എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എസ് വി റെഡ്ഢി മരണം സ്ഥിരീകരിച്ചിരുന്നു.