
അബുദാബി: നാളെ രാജ്യത്ത് പൊതുവില്‍ മേഘാവൃതമായ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും ചൂടിന് കുറവുണ്ടാകുമെന്നും ചില സ്ഥലങ്ങളില്‍ മഴപെയ്‌തേക്കാമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വടക്കന്‍ മേഖലയിലും തീരപ്രദേശങ്ങളിലും കിഴക്കന്‍ മേഖലയിലും പ്രത്യേകിച്ചും മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുക. ചില സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ താപനില ഇത്തരം പ്രദേശങ്ങളില്‍ കുറവുണ്ടാവും.
നേരിയതോതില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കടലുമായി അടുത്തുള്ള മേഖലകളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗമായിരിക്കും കാറ്റിനുണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ ഇത് 55 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാനും ഇടയുണ്ട്. കാറ്റുണ്ടാകുന്ന സാഹചര്യത്തില്‍ പൊടിയും മണലും ഉയര്‍ന്നുപൊങ്ങാന്‍ ഇടയുള്ളതിനാല്‍ ദൂരക്കാഴ്ച കുറയാന്‍ ഇടയുണ്ട്. വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതാണ്. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോതില്‍ പ്രക്ഷുബ്ധമാവുമെന്നും ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.