
വാഷിംഗ്ടൺ: റഷ്യൻ മുൻ പ്രസിഡന്റും സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവുമായുള്ള വാക്പോരിനെത്തുടർന്ന് രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വളരെ പ്രകോപനപരമായ പ്രസ്താവനകൾ” എന്ന് വിശേഷിപ്പിച്ച മെദ്‌വദേവിന്റെ വാക്കുകൾക്ക് മറുപടിയായാണ് ട്രംപിന്റെ നടപടി.
റഷ്യയുടെ ‘ഡെഡ് ഹാൻഡ്’ എന്നറിയപ്പെടുന്ന ആണവ പ്രതിരോധ സംവിധാനത്തെക്കുറിച്ച് മെദ്‌വദേവ് സൂചന നൽകിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്, അത് പലപ്പോഴും അപ്രതീക്ഷിത പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് ആണവ അന്തർവാഹിനികൾ “ഉചിതമായ പ്രദേശങ്ങളിൽ” വിന്യസിക്കാൻ ഉത്തരവിട്ടതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ട്രംപിന്റെ ഈ നീക്കം ഒരു സൈനിക നീക്കത്തേക്കാൾ ഉപരി ഒരു വാചിക പ്രകോപനമായിട്ടാണ് പല സുരക്ഷാ വിദഗ്ധരും കാണുന്നത്. യുഎസ് ആണവ അന്തർവാഹിനികൾ സാധാരണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗിലുണ്ട്. അതിനാൽ, ഈ നീക്കം സൈനികമായി വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും, യുഎസ്-റഷ്യ ബന്ധത്തിലെ നിലവിലെ പിരിമുറുക്കം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനയോട് റഷ്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.