തണൽ തേടി: ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സാബു സണ്ണിയോട് പറഞ്ഞപ്പോൾ സാലി അമ്പരപ്പോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.

അവൻ തലകുനിച്ചിരിക്കുകയാണ്.

ലക്ഷ്മി ആവട്ടെ താൻ പറഞ്ഞ ഒരു കള്ളത്തിന്റെ പേരിൽ എത്ര പേരാണ് വേദനിക്കുന്നത് എന്ന് അറിഞ്ഞ് വേദനയോടെ നിന്നു

” കർത്താവ് തമ്പുരാനെ ഞാനെന്തുവാ ഈ കേൾക്കുന്നത്..? അപ്പോൾ ഈ പെണ്ണ് വീട്ടുകാരെയൊക്കെ ഉപേക്ഷിച്ചു ഇറങ്ങിവന്നത് തന്നെയാണ് അല്ലേ..? ദൈവമേ ഞാൻ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും.?

സാലി കരഞ്ഞു വീണ്ടും

” നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ അത് നേരത്തെ പറയത്തില്ലായിരുന്നോ.? വീട്ടുകാരുമായിട്ട് ആലോചിച്ച് ചെയ്യാമായിരുന്നില്ലേ.?

വീണ്ടും നെഞ്ച് തല്ലി കരഞ്ഞുകൊണ്ട് സാലി ചോദിക്കുന്നുണ്ട്.

” എന്റെ പൊന്നു ചേച്ചി ഒന്നു മിണ്ടാതിരുന്നേ.? ഞാൻ അവനോട് ആദ്യം കാര്യങ്ങളൊക്കെ ഒന്ന് ചോദിക്കട്ടെ.

സണ്ണി പറഞ്ഞപ്പോൾ അവർ കുറച്ച് ആശ്വാസത്തോടെ അവിടെ ഇരുന്നു. അകത്തു നിന്നും സിനി വന്നു അമ്മച്ചിയെ ആശ്വസിപ്പിക്കുന്നുണ്ട്. ഇതിനിടെ ലക്ഷ്മിയെ നോക്കുകയും ചെയ്യുന്നുണ്ട്. സിമി കുഞ്ഞിനെ എടുത്തു ഉറക്കാൻ ശ്രേമിക്കുക ആണ്.

വെളുപ്പും ചുവപ്പും ഇടകലർന്ന സുന്ദരമായ കവിളുകളും നീണ്ട മിഴികളും നിതംബം മൂടി കിടക്കുന്ന കൂന്തലും ഉള്ള അവൾ ഒരു സിനിമാനടിയെ പോലെ സുന്ദരിയാണെന്ന് സിനി ഓർത്തു.

തന്റെ ചേട്ടന് എന്താണെങ്കിലും ചേരുന്നവൾ തന്നെ,

” എടാ മോനെ, എന്താ സംഭവിച്ചത് എന്ന് നീ ഒന്നു പറ. ഈ പെങ്കൊച്ചിന്റെ കല്യാണമാണോ നാളെ.?

സെബാസ്റ്റ്യന്റെ അരികിലേക്ക് ഇരുന്ന് സമാധാനത്തോടെ സണ്ണി ചോദിച്ചു.

“അതെ…

അവൻ മറുപടി പറഞ്ഞു

” എടി കൊച്ചെ നീ എന്നാ കാര്യത്തിനാ വീട്ടീന്ന് ഇറങ്ങിപ്പോന്നത്. ഈ വീട്ടിലെ സാഹചര്യത്തെ പറ്റി ഇവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ.?

സണ്ണിയുടെ ചോദ്യം കേട്ടതോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചു.

അവൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നിൽക്കുന്നത് കണ്ട് സെബാസ്റ്റ്യൻ എഴുന്നേറ്റു.

” കാര്യങ്ങൾ പറയാതെ അവളെ കള്ളം പറഞ്ഞൊന്നുമല്ല ഞാൻ സ്നേഹിച്ചത്. എല്ലാ കാര്യങ്ങളും അവൾക്കറിയാം. എന്നെക്കാളും മോശം സാഹചര്യമാണ് വീട്ടിൽ അവൾക്ക് നിൽക്കാൻ. അതുകൊണ്ട് ആണ് ഇറങ്ങി വന്നത്.

സെബാസ്റ്റ്യൻ അത്രയും സംസാരിച്ചപ്പോൾ വീണ്ടും സാലിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു. കുറച്ചുനേരം മറന്നുപോയ കരച്ചിൽ അവർ വീണ്ടും പുറത്തെടുക്കാൻ തുടങ്ങി… രൂക്ഷമായി അവൻ അമ്മച്ചിയേ ഒന്നു നോക്കി.. അത് കണ്ടതോടെ കരച്ചിലിന്‍റെ ആക്കം കുറച്ച് അവർ കുറച്ചു.

” എടാ നിനക്ക് ഒരു പെങ്കൊച്ചിനെ ഇഷ്ടപ്പെടുന്നതിനും അതിനെ നീ വിളിച്ചു കൊണ്ടു വരുന്നതിനും ഒന്നും ഇവിടെ ആരും എതിരല്ല. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആർക്കാണെങ്കിലും ഒരു ബുദ്ധിമുട്ടൊക്കെ വരില്ലേ.? അത് അംഗീകരിക്കാനും പാടാണ്

സണ്ണി പറഞ്ഞു

” നിങ്ങളാരും അംഗീകരിക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ..

താല്പര്യമില്ലാതെ സെബാസ്റ്റ്യൻ പറഞ്ഞു

” നീ എന്നാ വർത്തമാനം ആണെടാ ഈ പറയുന്നത്. എന്താണെങ്കിലും അവൾ ഇനിയുള്ള കാലം താമസിക്കേണ്ടത് ഈ വീട്ടിൽ അല്ലേ.? അപ്പോൾ ഇവിടെയുള്ളവർ ഇത് അംഗീകരിക്കുക തന്നെ വേണ്ട.?

” എന്റെ പൊന്നു അമ്മാച്ഛാ എന്റെ സാഹചര്യം കൂടി ഒന്നു മനസ്സിലാക്ക്.!

അവൻ കൈ തൊഴുതുകൊണ്ടു പറഞ്ഞു.. അവൻ നിസ്സഹായ അവസ്ഥയിൽ നിൽക്കുകയാണെന്ന് സണ്ണിക്കു മനസ്സിലായി..

” നിന്റെ അവസ്ഥ എനിക്ക് മനസ്സിലായി. മോനെ സിമിയെ വീട്ടിൽ കൊണ്ട് വിടണ്ടേ.? സിനിയുടെ കല്യാണം നടത്തണം. ഇത് രണ്ടും മുൻപിൽ ഉള്ളപ്പോൾ നീ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞാൽ അത് ചേച്ചിക്ക് സഹിക്കാൻ പറ്റത്തില്ല. അതുകൊണ്ട് ഉള്ള വിഷമം കൊണ്ട് അവര് പറഞ്ഞു പോയതാ. അതോർത്ത് നീ സങ്കടപ്പെടാതെ. നിന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ഒരു പെൺകുട്ടി, അതിനെ നമ്മൾ എന്തായാലും ഇവിടെ നിന്ന് ഇറക്കി വിടുമോ.? ഒരിക്കലും ചെയ്യത്തില്ല.. ഈ കുടുംബത്തിന് വേണ്ടി കിടന്ന് കഷ്ടപ്പെടുന്നവനല്ലേ നീ.?നിനക്ക് ഒരു ഇഷ്ടമുണ്ടായത് അത്ര വലിയ കുഴപ്പമൊന്നുമല്ല..നിനക്ക് ഞങ്ങളോട് ആരോടെങ്കിലും ഈ കാര്യത്തെക്കുറിച്ച് ഒന്നു പറയാമായിരുന്നു എന്ന് മാത്രമേ സാലി ചേച്ചി ഉദ്ദേശിച്ചുള്ളൂ..

സണ്ണി അവനെ ആശ്വസിപ്പിച്ചു

” ഞാനും അത് തന്നെ ഉദ്ദേശിച്ചത്. ഏതായാലും നടന്നത് നടന്നു ഇനി നീ വിഷമിക്കേണ്ട നീ ഇഷ്ടപ്പെട്ട് വിളിച്ചോണ്ട് വന്നതല്ലേ ഞങ്ങൾക്ക് ആർക്കും ഒരു എതിർപ്പുമില്ല..

സണ്ണി അത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ സാലി അയാളെ നോക്കി..

” നീ എന്ത് വർത്തമാനവാ സണ്ണി പറയുന്നത്.? ആ പെൺകൊച്ച് നമ്മുടെ കൂട്ടത്തിൽ ഒന്നുമല്ല. അങ്ങനെ പള്ളിക്കാരെയും പട്ടക്കാരെയും ഒന്നും വെറുപ്പിച്ചു കൊണ്ട് ഇത് മുന്നോട്ടു പോകത്തില്ല. ഞാൻ അതിന് സമ്മതിക്കില്ല.

ദേഷ്യത്തോടെ സാലി പറഞ്ഞു

” ചേച്ചി എന്താണ് ഈ പറയുന്നത്.? ഈ പെൺകുട്ടിയേ തിരിച്ചു വിടാൻ പറ്റുമോ.? മാത്രമല്ല ഇത്രയും നാട്ടുകാരും അറിഞ്ഞ സ്ഥിതിക്ക്….

സണ്ണി പറഞ്ഞു

” നാട്ടുകാർ അറിഞ്ഞാൽ അത് ഇന്നോ നാളെയോ മാറും. പക്ഷേ അന്യജാതിയിൽ പെട്ട ഒരു പെൺകൊച്ചിനെ എന്റെ ചെറുക്കൻ കെട്ടികൊണ്ട് വന്നാൽ അത് തേച്ചാലും മച്ചാലും പോകത്തില്ല. സെബാനേ നീ ഈ പെണ്ണിനെ അവൾടെ വീട്ടിൽ കൊണ്ട് വിടാൻ നോക്ക്. ഇത് നടക്കത്തില്ല. നീ ഒന്നുമില്ലാത്ത ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ വിളിച്ചു കൊണ്ടുവാ ബൈബിളും കൊന്തയും കൊടുത്ത് ഞാൻ അവളെ അകത്ത് കയറ്റാം. ഇതിപ്പോ നമ്മുടെ കൂട്ടത്തിൽ പോലും അല്ല. പള്ളിക്കാരെയും പട്ടക്കാരെയും ഒന്നും എതിർത്തുകൊണ്ട് ഇത് നടക്കില്ല.. ഈ പെൺകൊച്ചിനെ പഠിപ്പിക്കുന്നത് പോലും പള്ളിക്കാരുടെ കാരുണ്യത്തിലാണ്..അതെല്ലാം നിൽക്കും,

സിനിയേ നോക്കി സാലി പറഞ്ഞു

“ലക്ഷ്മിക്ക് എവിടെയെങ്കിലും ഇറങ്ങി ഓടിയാൽ മതിയെന്നാണ് തോന്നുന്നത്.

ഒരു പരിചയമില്ലാത്ത ഒരാളെ താൻ ഏതൊക്കെ വിധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. സെബാസ്റ്റ്യനേ കാണെ അവൾക്ക് സങ്കടം തോന്നി. എങ്ങനെയാണ് താൻ അവനെ ആശ്വസിപ്പിക്കുന്നത്.? എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞാലോ എന്ന് അവൾ ഓർത്തു.

സാബുവും ശിവനും നിസ്സഹായനായി നിൽക്കുകയാണ്. ഇനി വീട്ടുകാർ തീരുമാനിക്കട്ടെ എന്ന തരത്തിൽ.

” അങ്ങനെ ചേച്ചി പറയുന്നത് പോലെ പെട്ടെന്ന് അങ്ങ് പറഞ്ഞു വിടാൻ പറ്റുമോ.,? തീരുമാനം എടുക്കേണ്ടത് ഞാനോ ചേച്ചിയോ അല്ല. സെബാസ്റ്റ്യനാ, അവൻ എന്താണെന്ന് വച്ചാൽ തീരുമാനിക്കട്ടെ..

സണ്ണി പറഞ്ഞു

” അവൻ എന്താണെന്ന് വെച്ചാൽ തീരുമാനിക്കട്ടെ, പക്ഷേ ഞാൻ പറഞ്ഞതല്ല തീരുമാനം എങ്കിൽ പിന്നെ എന്നെ ആരും കാണാൻ പോകുന്നില്ല.

രണ്ടും കൽപ്പിച്ച് സാലി പറഞ്ഞു..

” നീ എന്നാടാ മിണ്ടാതിരിക്കുന്നത്.? എന്താണെന്ന് വച്ചാ നീ നിന്റെ തീരുമാനം പറയാൻ നോക്ക്..

ദേഷ്യത്തോടെ അവന്റെ തോളിൽ പിടിച്ച് തട്ടിക്കൊണ്ട് സാലി ചോദിച്ചു.

” എന്റെ പേരിൽ ഒരു വഴക്കു വേണ്ട ഞാൻ കാരണം ഒരു ബുദ്ധിമുട്ടും വേണ്ട. ഞാൻ പൊയ്ക്കോളാം

അത്രയും സമയം മിണ്ടാതെ നിന്ന ലക്ഷ്മി നേർത്തതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ആയി അവൾ നടന്നതും അവളുടെ കൈകളിൽ കയറി സെബാസ്റ്റ്യൻ പിടിച്ചു.

” നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നത് ഞാനല്ലേ.? നിന്നെ ഇവിടെ നിർത്താമെന്ന് എനിക്ക് പൂർണമായും ഉറപ്പുള്ളതുകൊണ്ട് വിളിച്ചോണ്ട് വന്നത്. ഞാനിവിടെ നിൽക്കുന്നുണ്ടെങ്കിൽ നീയും ഇവിടെ നിൽക്കും. എല്ലാവരും കേൾക്കാൻ വേണ്ടി പറയാ, എന്നെ വിശ്വസിച്ച് ഈ വീട്ടിലേക്ക് കയറി വന്ന പെൺകുട്ടി ആണ്, ഇവളെ ഇവിടെ താമസിപ്പിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം. ഈ നിമിഷം ഇവൾ ഇവിടെ നിന്ന് ഇറങ്ങും കൂടെ ഞാനും.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.!

അവന്റെ ഉറച്ച ശബ്ദം അവിടെ മുഴുവൻ പ്രതിധ്വനിച്ചു……..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version