Novel

തണൽ തേടി: ഭാഗം 18

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സിനി ലക്ഷ്മിയോട് പറഞ്ഞപ്പോൾ അവൾ എഴുന്നേൽക്കാൻ ഒന്നും മടിച്ചു..

“വാടോ,ഭക്ഷണം കഴിക്കാം, ഇന്ന് ഒന്നും കഴിച്ചത് അല്ലല്ലോ

സെബാസ്റ്റ്യൻ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ അവൾക്ക് തോന്നിയില്ല. അവൾ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു

സിനി ആദ്യം തന്നെ ഇറങ്ങിപ്പോയി, വീണ്ടും മുറിയിൽ പോകണോ വേണ്ടയോ എന്ന് അറിയാതെ നിൽക്കുകയാണ് അവൾ…

” വാടോ..

സെബാസ്റ്റ്യൻ വീണ്ടും വിളിച്ചു.

” ഞാൻ വന്നാൽ അത് ഇഷ്ടാകോ അമ്മയ്ക്കൊക്കെ,

” അമ്മച്ചിയാ തന്നെ വിളിക്കാൻ പറഞ്ഞത്,

സെബാസ്റ്റ്യന്റെ ആ മറുപടിയിൽ ശരിക്കും അവൾ അമ്പരന്നു..

” താൻ രാവിലെ മുതൽ ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞത്, എന്തെങ്കിലും കഴിക്കാം വാ..

അവനെ അനുഗമിച്ച് ഡൈനിങ് മുറിയിലേക്ക് എത്തുമ്പോൾ അവിടെ എല്ലാവരും ഉണ്ട്.

” മോൾ ഇങ്ങോട്ട് ഇരുന്നാട്ടെ…

സണ്ണിയാണ് അത് പറഞ്ഞത്..
അവൾക്ക് ആശ്വാസം തോന്നി ഭക്ഷണത്തിന്റെ മുൻപിൽ നിന്നും അവഗണന ലഭിക്കുമെന്നാണ് കരുതിയത്..

സെബാസ്റ്റ്യൻ ഇരിക്കുന്നതിന്റെ അരികിലായി ഒരു കസേര നീക്കിയിട്ടാണ് സണ്ണി അത് പറഞ്ഞത്..
അവൻ കണ്ണുകൾ കൊണ്ട് ഇരിക്കാൻ കാണിച്ചപ്പോഴും അവൾ ഇരിക്കാൻ മടിച്ചു നിന്നു.. അപ്പോഴേക്കും ആ കസേരയുടെ അരികിലായി ഒരു പ്ലേറ്റ് കൊണ്ടുവന്ന് സാലി വച്ചിട്ടുണ്ടായിരുന്നു.

അത് തനിക്കുള്ളതാണെന്ന് അവൾക്ക് മനസ്സിലായി. അതോടെ ഇരിക്കുകയല്ലാതെ അവൾക്ക് മുൻപിൽ മറ്റു മാർഗ്ഗമില്ലാതെയായി.

അവൾ പെട്ടെന്ന് അവിടേ ഇരുന്നു.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സിമി അവളെ പാളി നോക്കുന്നുണ്ട്. സിനി എന്തൊക്കെയോ വർത്തമാനം പറഞ്ഞുകൊണ്ടാണ് കഴിക്കുന്നത്.

സെബാസ്റ്റ്യൻ മൂളി കേൾക്കുകയും ചെയ്യുന്നുണ്ട്..

ഭക്ഷണത്തിൽ കൈയിട്ട് ഇളക്കി ഇരുന്ന ലക്ഷ്മിയേ സെബാസ്റ്റ്യൻ ഒന്ന് നോക്കി.

ആ നോട്ടം കണ്ടുകൊണ്ട് അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അവൾ ആ ഭാഗത്തേക്ക് നോക്കി. അതേ ഭാഗത്തേക്ക് തന്നെ അപ്പോൾ സാലിയും നോക്കിയിരുന്നു.

” നീ ഇരുന്നോ ഞാൻ പോയി കൊച്ചിനെ എടുത്തോളാം,

സാലി അത് പറഞ്ഞപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ സിമി അവിടെ ഇരുന്നു.

” ഇവളെ എന്നാടാ ജോജിയുടെ വീട്ടിലോട്ട് കൊണ്ടുവീടുന്നത്, 3 മാസം ആയില്ലേ..?

സണ്ണി സെബാസ്റ്റ്യനോട് ആയി ചോദിച്ചു.

” നാളെ കൊണ്ട് വിടാൻ വേണ്ടി ഇരുന്നതാ, ഇനിയിപ്പോൾ നാളെ പറ്റില്ല..

ഭക്ഷണം കഴിക്കുന്നതിനിടയിൽ സെബാസ്റ്റ്യൻ പറഞ്ഞു.

” നാളെ എനിക്ക് വേറൊരു സ്ഥലം വരെ പോകുകയും വേണം. ഇനിയിപ്പോ ഞായറാഴ്ച കൊണ്ടുവിടാം..

” അതുമതി അതായിരിക്കും എല്ലാവർക്കും സൗകര്യം. ആനി നാളെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിരിക്കുന്നത്. ഞാൻ രാവിലെ പോകും. എനിക്ക് നാളെ വൈകിട്ട് അങ്ങ് പോണം. മോളെ ഞാന് സെക്യൂരിറ്റി ആയിട്ട് ജോലിയാ നമ്മുടെ കാരിത്താസ് ആ ശുപത്രിയിലെ,

അവൾക്ക് മനസ്സിലാക്കുവാൻ വേണ്ടി സണ്ണി പറഞ്ഞിരുന്നു..
അവൾ ഒന്ന് തലയാട്ടിയിരുന്നു.

‘മോൾ ഭക്ഷണം കഴിക്ക്…

സണ്ണി വീണ്ടും പറഞ്ഞപ്പോൾ അവൾ കഴിക്കാൻ തുടങ്ങി.

” മോൾക്ക് വീടൊക്കെ ഇഷ്ടപ്പെട്ടോ.?

കഴിക്കുന്നതിനിടയിൽ വീണ്ടും സണ്ണി ചോദിക്കുന്നുണ്ട്.

ഓരോ ചോദ്യത്തിനും സെബാസ്റ്റ്യന്റെ മുഖത്തേക്ക് ഒരു നോട്ടം പോയതിനുശേഷം ആണ് അവൾ മറുപടി പറയുന്നത്.

” ഇഷ്ടപ്പെട്ടു….

പതിഞ്ഞ സ്വരത്തിലാണ് അവൾ പറഞ്ഞത്.

“അച്ഛൻ എന്താ ജോലി..?

” അച്ഛൻ വർഷങ്ങളായിട്ട് ഗൾഫിലാണ്, അവിടെ ഡ്രൈവർ ആണ്..

സണ്ണി ഒന്ന് മൂളി.

അപ്പുറത്ത് കുഞ്ഞിനെ ഉറക്കുന്ന സാലിയുടെ ശബ്ദം കേൾക്കാമായിരുന്നു. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് സാലി മുറിയിൽ നിന്നും വന്നത്. അവളെ അഭിമുഖീകരിക്കുവാനുള്ള ഒരു ബുദ്ധിമുട്ട് സാലിക്കുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പ്ലേറ്റുമായി അടുക്കളയിൽ ചെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു ലക്ഷ്മി.

അതിനി താൻ കഴുകി വെച്ചാൽ ഇഷ്ടം ആവുമോ ഇല്ലയോ എന്നുള്ള സംശയം അവളിൽ ഉണ്ടായിരുന്നു.

അത് മനസ്സിലാക്കി അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി സിനി ആണ് അത് കഴുകി വെച്ചത്..
സിമി അവളോട് ഒന്നും സംസാരിച്ചു പോലുമില്ല.

ഇടയ്ക്ക് നോക്കുക മാത്രമേ ഉള്ളൂ , പ്ലേറ്റ് കഴുകിവച്ച് അടുക്കളയിൽ തന്നെ നിൽക്കുന്ന അവളെ നോക്കി സിനി വിളിച്ചു

” നമുക്ക് കിടക്കാം ചേച്ചി…

സിനിയുടെ ഒപ്പമാണ് അവൾ കിടക്കാനായി പോയത്. മുറിയിലേക്ക് കയറും വഴി സെബാസ്റ്റ്യനെ കണ്ടിരുന്നു.. അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…

മരുഭൂമിയിൽ കാണുന്ന മരു പച്ചപോലെ…

സെബാസ്റ്റ്യൻ അവിടെ നിൽക്കുന്നത് കൊണ്ട് തന്നെ സിനി പെട്ടെന്ന് മുറിയിലേക്ക് കയറി പോയി.

” രാവിലെ കുറച്ചു നേരത്തെ എഴുന്നേൽക്കണം. നമുക്ക് വെളുപ്പിനെ പോണം..

സെബാസ്റ്റ്യൻ അവളോട് പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു.

” വെളുപ്പിനെ എവിടെ പോകുന്ന കാര്യമാട

സിനിയുടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന സെബാസ്റ്റ്യനോട് ആയി സാലി ചോദിച്ചു

” അത് ഞങ്ങൾക്ക് വെളുപ്പിനെ ഒരു സ്ഥലം വരെ പോകാനുണ്ട്. അതിനെക്കുറിച്ച് പറഞ്ഞത് ആണ്..

സെബാസ്റ്റ്യൻ പറഞ്ഞു

” വന്ന് കയറുന്നതിനു മുമ്പ് ‘ഞങ്ങൾ’ ആയി എവിടെ ആണ് പോകുന്നത് എന്ന് പറയാൻ പോലും നിനക്ക് മടിയായി.

സാലി തന്റെ ദേഷ്യം പ്രകടിപ്പിക്കാൻ മറന്നില്ല. സെബാസ്റ്റ്യന് ദേഷ്യം വന്നിരുന്നു എങ്കിലും അവൻ അത് കടിച്ചമർത്തി. ഇനി താൻ എന്തെങ്കിലും പറഞ്ഞാൽ അമ്മച്ചിക്ക് അതായിരിക്കും അടുത്ത പ്രശ്നം എന്ന് നന്നായി അവന് അറിയാമായിരുന്നു..

” എന്റെ പൊന്നമ്മച്ചി ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോവാ. അത് കഴിഞ്ഞ് തിരിച്ചു വന്നിട്ട് എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയിട്ട് പറയാം.. താൻ പോയി കിടന്നോ

അവളോട് അത്രയും പറഞ്ഞ് അവൻ പുറത്തേക്കു പോയപ്പോൾ സാലിയുടെ മുഖത്തേക്ക് അവൻ അവൾ ഒന്ന് നോക്കിയിരുന്നു.

അവളെ നോക്കുക പോലും ചെയ്യാതെ സാലി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി. അവരുടെ ആ പ്രവർത്തി വല്ലാത്തൊരു വേദന അവളിൽ നിറച്ചിരുന്നു.

എങ്കിലും അവൾ മുറിയിലേക്ക് കയറി പോയിരുന്നു. സിനി അവൾക്ക് പുതിയൊരു പുതപ്പ് എടുത്തു കൊടുത്തു. ആ ചെറിയ കട്ടിലിൽ ജനലോരം ചേർന്നാണ് അവൾ കിടന്നത്.

രാത്രിയിൽ കിടക്കുമ്പോൾ മനസ്സിൽ നിറയെ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. തനിക്ക് ഒരു പരിചിതവും ഇല്ലാത്ത ഒരു വീട്ടിൽ താൻ ഇപ്പോൾ കിടക്കുകയാണ്. എത്ര പെട്ടെന്നാണ് ചില മനുഷ്യർ നമുക്ക് വളരെ വേണ്ടപ്പെട്ടവരായി മാറുന്നത്. സെബാസ്റ്റ്യനേ കാണുമ്പോഴും അവൻ അരികിൽ വരുമ്പോഴും ഇപ്പോൾ താൻ അനുഭവിക്കുന്നത് വല്ലാത്തൊരു സുരക്ഷിതത്വമാണ്. അച്ഛനോട് മാത്രം തോന്നിയിട്ടുള്ള ഒരു സുരക്ഷിതത്വം. അല്ലെങ്കിലും ഒരു പെണ്ണിന്റെ മാനം സംരക്ഷിക്കുന്നവനെ ഏത് പെണ്ണാണ് മറന്നു പോകുന്നത്.?

അവനോട് വല്ലാത്ത ഒരു ഇഷ്ടം ആ നിമിഷം അവൾക്ക് തോന്നിയിരുന്നു. ഒപ്പം തന്നെ വലിയ ബഹുമാനവും” അ……..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!