Novel

തണൽ തേടി: ഭാഗം 21

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എടാ ഏതായാലും എല്ലാവരും അറിഞ്ഞു, ഇതിപ്പോ നാറ്റക്കേസ് ആവുന്നതിനു മുമ്പ് ഞാൻ പറഞ്ഞിട്ട് നീ അവളെ അങ്ങ് കെട്ട്. അവൾക്കും പോകാൻ വേറൊരു ഇടം ഇല്ലല്ലോ. ഇനി പോലീസിൽ പോയി മാറ്റി പറയാൻ ഒന്നും പറ്റില്ലല്ലോ. കണ്ടിട്ടൊരു നല്ല പെങ്കൊച്ച് ആണെന്ന് തോന്നുന്നു.

ശിവൻ വെട്ടി തുറന്നു പറഞ്ഞപ്പോൾ അമ്പരപ്പോടെ സെബാസ്റ്റ്യൻ അവനെ ഒന്ന് നോക്കി

” നിങ്ങളിത് പറഞ്ഞ് പറഞ്ഞു എങ്ങോട്ട് ആണ് പോകുന്നത് അണ്ണാ…

സെബാസ്റ്റ്യൻ അമ്പരപ്പോടെ ചോദിച്ചു

” ഞാൻ സത്യം ആയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് ആണ് ചോദിച്ചത്…

” നിനക്ക് അങ്ങനെ ഒന്നു ചിന്തിച്ചു കൂടെ.? എന്താണെങ്കിലും നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോലീസ് സ്റ്റേഷനിൽ എഴുതി വെച്ചിരിക്കുന്നത് അല്ലേ.? പിന്നെ അത് ചെയ്തല്ലേ പറ്റൂ.? പോലീസ് സ്റ്റേഷനിൽ ചെന്ന് എല്ലാം തിരുത്തി പറയാണെന്ന് തന്നെ വയ്ക്കുക, അപ്പോൾ അവർക്ക് കൂടുതൽ ദേഷ്യം ആവുകയല്ലേ ഉള്ളൂ, അവരെ പറ്റിച്ചു എന്ന് പറഞ്ഞു. മാത്രമല്ല മറ്റവൻ കാശ് നന്നായിട്ട് വാരി എറിയുകയും ചെയ്യും. അതുകൊണ്ട് നിനക്ക് തന്നെ അത് ദോഷമായിട്ട് വരത്തുള്ളൂ.

എല്ലാംകൊണ്ടും നല്ലത് നീ ആ പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് തന്നെയാണെന്ന എനിക്ക് തോന്നുന്നത്

” എന്റെ പൊന്നണ്ണാ ഇത്രയും പ്രശ്നം ഒന്നും പോരാഞ്ഞിട്ടായിരിക്കും ഞാൻ ഇനി കല്യാണം കൂടി കഴിക്കാൻ നിങ്ങൾ പറയുന്നത്. നിങ്ങൾക്ക് എന്നോട് നല്ല സ്നേഹം ആണല്ലോ,

” എടാ നീ വിചാരിക്കുന്നതല്ല കല്യാണം കഴിച്ചു കഴിയുമ്പോൾ പലകാര്യങ്ങളിലും മാറ്റം വരും. നിനക്ക് തന്നെ ജീവിക്കാൻ ഒരു പ്രതീക്ഷയൊക്കെ തോന്നും. എത്രയെന്ന് കരുതിയാ നീ ഇങ്ങനെ കുടുംബത്തിന് വേണ്ടി തന്നെ കിടന്നു കഷ്ടപ്പെടുന്നത്. കാത്തിരിക്കാന്‍ ഒരു പെണ്ണുണ്ടെങ്കിൽ ജോലി ചെയ്യാൻ ഒക്കെ ഒരു സുഖം തോന്നുo.

” ആ കൊച്ച് എന്നെക്കുറിച്ച് അങ്ങനെയൊന്നും വിചാരിച്ചിട്ട് പോലുമില്ല,

” അതൊക്കെ പതുക്കെ വിചാരിച്ചോളും. അതവിടെ നിൽക്കട്ടെ നിനക്ക് കുഴപ്പമില്ല എന്നാണോ ആ പറഞ്ഞതിന്റെ അർത്ഥം.?

ശിവൻ ചിരിയോടെ ചോദിച്ചപ്പോൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി സെബാസ്റ്റ്യൻ പറഞ്ഞു.

” ഞാൻ പോവാ. കുറെ നേരായിട്ട് ആ കൊച്ചു വെയിറ്റ് ചെയ്യുന്നത് ആണ്.

“മറുപടി പറഞ്ഞിട്ട് പോടാ, ആ കൊച്ചിനോട് നിനക്ക് ഇതുവരെ ആരോടും തോന്നാത്ത ഒരു എന്തോ താല്പര്യം കൂടുതലായിട്ട് ഉള്ളത് പോലെ എനിക്ക് തോന്നി.. അതുകൊണ്ട് കൂടിയാ ഞാൻ ചോദിച്ചത്.,?

” എന്ത് താൽപര്യകൂടുതലാ.?

മനസ്സിലാവാതെ സെബാസ്റ്റ്യൻ ചോദിച്ചു

” ഒരു പെണ്ണിന് വേണ്ടി നീ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടില്ല. നിന്റെ കുടുംബത്തിലുള്ളവർക്ക് വേണ്ടി അല്ലാതെ, അവളുടെ അവസ്ഥകളൊക്കെ പറഞ്ഞപ്പോൾ തന്നെ നിനക്ക് പെട്ടെന്ന് അവളോട് സഹതാപമായി, സ്നേഹമായി, അതിന്റെ പിന്നിലും എന്തെങ്കിലും ഒരു കാരണം കാണുമല്ലോ.?

” എന്റെ പൊന്നണ്ണാ നിങ്ങൾ അതിന് വേറെ അർത്ഥങ്ങളൊന്നും ഉണ്ടാക്കിയെടുക്കല്ലേ. അങ്ങനെ യാതൊരു പ്രത്യേകതയുമില്ല എനിക്ക് ആ കൊച്ചിനോടില്ല. അതിന്റെ കരച്ചിലും വിഷമവുമൊക്കെ കണ്ടപ്പോൾ അതിനോട് ഇത്തിരി സഹതാപം തോന്നിയെന്നുള്ളത് സത്യം. പക്ഷേ അതിന് നിങ്ങൾ ദൈവത്തെ ഓർത്ത് വേറൊന്നും കണ്ടുപിടിക്കരുത്. കരഞ്ഞുകൊണ്ട് മുഖത്തേക്ക് നോക്കി സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് എന്തോ അതിനെ തള്ളാൻ തോന്നിയില്ല..
അതിന്റെ പ്രധാനകാരണം ഇന്നുവരെ ഒരാളും എന്നോട് അങ്ങനെ കരഞ്ഞുകൊണ്ട് ഒരു സഹായം ചോദിച്ചിട്ട് ഇല്ല. പണ്ട് തൊട്ടേ എനിക്കൊരു പ്രശ്നവുമുണ്ട്, എന്റെ മുമ്പിൽ വന്ന് ആരെങ്കിലും കരഞ്ഞാൽ ഞാനും കരഞ്ഞു പോകും. എനിക്ക് പിന്നെ വല്ലാത്തൊരു വിഷമം ആണ്. എന്തൊക്കെ പറഞ്ഞാലും ഈ പെൺപിള്ളേരുടെ കണ്ണുനീര് കാണാനുള്ള മനക്കട്ടി ഒന്നും എനിക്കില്ല. അതുകൊണ്ട് ഞാൻ അങ്ങ് സമ്മതിച്ചു പോയതാ.

അത്രയും പറഞ്ഞ് അവൻ ഇറങ്ങിയപ്പോൾ ശിവൻ ചിരിയോടെ സെബാസ്റ്റ്യനേ നോക്കിയിരുന്നു.

സെബാസ്റ്റ്യൻ ഇറങ്ങി അരികിലേക്ക് ചെന്നപ്പോൾ അവൾ കാത്തുനിൽപ്പുണ്ട്. അവൻ അവൾക്ക് അരികിലേക്ക് ചെന്നു

” നമുക്ക് വല്ലതും കഴിക്കാം

അവളോട് ആയി സെബാസ്റ്റ്യൻ പറഞ്ഞു.

വിശപ്പ് ഉണ്ടായിരുന്നെങ്കിൽ പോലും അവനെ ബുദ്ധിമുട്ടിക്കാൻ തോന്നിയിരുന്നില്ല അവൾക്ക്.

” എനിക്കങ്ങനെ വിശക്കുന്നില്ല

” പക്ഷേ എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കാം,

അതും പറഞ്ഞ് അവൻ ബസ്റ്റാൻഡിന് അകത്തു തന്നെയുള്ള ഒരു ഹോട്ടലിൽ കയറിയിരുന്നു..

അവനൊപ്പം കയറുമ്പോഴും കുറച്ചു കഴിഞ്ഞുള്ള നിമിഷങ്ങളിൽ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും എന്നുള്ള ചിന്തയായിരുന്നു അവൾക്ക്..

” തനിക്കെന്താ കഴിക്കാൻ വേണ്ടത്.?

അവളോട് അവൻ ചോദിച്ചു

” എന്താണെങ്കിലും കുഴപ്പമില്ല..

അവൾ പറഞ്ഞപ്പോൾ പാലപ്പവും ഗ്രീൻപീസ് കറിയും ആണ് അവൻ പറഞ്ഞത്. ഓരോ ബ്രൂ കോഫിയും

ഭക്ഷണം വന്നപ്പോൾ അവൻ തന്നെയാണ് അവളുടെ പ്ലേറ്റിലേക്ക് വിളമ്പി കൊടുത്തതും..

അവളുടെ മുഖത്തെ ടെൻഷനും പരിഭവവും ഒക്കെ കണ്ടപ്പോൾ തന്നെ കുറച്ചു നിമിഷങ്ങൾക്ക് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന ഭയമായിരിക്കും അവളിൽ എന്ന് അവന് തോന്നിയിരുന്നു.

” നമുക്ക് ആദ്യം വിവേകിനെ ഒന്ന് വിളിക്കാം, നേരിട്ട് വീട്ടിലേക്ക് കയറി ചെല്ലുന്നത് ശരിയല്ലല്ലോ.. അയാൾ ചിലപ്പോൾ നമ്മളെ പ്രതീക്ഷിക്കില്ലല്ലോ, മാത്രമല്ല തിരുനൽവേലിയിൽ ആണെന്നല്ലേ പറഞ്ഞത്..

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് തലയാട്ടി..

ഭക്ഷണം കഴിച്ച് കൈയും കഴുകി പുറത്തേക്കിറങ്ങിയപ്പോൾ അവൻ പോക്കറ്റിൽ നിന്നും തന്റെ മൊബൈൽ എടുത്ത് അവൾക്ക് നേരെ നീട്ടി….

” താൻ അയാളെ ഒന്ന് വിളിക്ക്..

അവൻ ലോക്ക് മാറ്റി മൊബൈൽ കൊടുത്തപ്പോൾ അവൾ നമ്പർ ഡയൽ ചെയ്തു..

തലേദിവസം വിളിച്ച കോൾ അതിൽ കിടക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് നമ്പർ തെളിഞ്ഞു വന്നു..

അവൾ ഉടനെ തന്നെ അവനെ ഫോൺ വിളിച്ചു. ഒരു ഫുൾ റിങ് അടിച്ചു തീർന്നെങ്കിലും ഫോൺ എടുത്തില്ല.

” എടുക്കുന്നില്ല…

അവന്റെ മുഖത്തേക്ക് നോക്കി നിസ്സഹായമായി അവൾ പറഞ്ഞു..

അവൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഒന്നുകൂടി വിളിച്ചു..ഫോൺ അടിച്ചു ലാസ്റ്റ് ആയപ്പോഴേക്കും കോൾ എടുത്തിരുന്നു.

” ഹലോ…

താല്പര്യമില്ലാത്ത അവന്റെ ശബ്ദം കേട്ടു, അതോടെ അവൾക്ക് ഫോൺ കൊടുക്കേണ്ട എന്ന് അവൻ തീരുമാനിച്ചു,

” ഹലോ…..

മറുവശത്തു നിന്നും ഒരു പുരുഷസ്വരം കേട്ടതോടെ വിവേകും ഒന്ന് സംശയിച്ചു.

തലേദിവസം ഈ നമ്പറിൽ നിന്നും വിളിച്ചത് ലക്ഷ്മി ആയതുകൊണ്ട് അവൾ ആയിരിക്കുമെന്നാണ് കരുതിയത്. അതാണ് ഫോൺ എടുക്കാഞ്ഞത്.

” ഹലോ… ആരാ..?

അവൻ ഒന്നുകൂടി എടുത്തു ചോദിച്ചു

” എന്റെ പേര് സെബാസ്റ്റ്യൻ ഞാൻ ലക്ഷ്മി പറഞ്ഞിട്ടാ വിളിക്കുന്നത്..

അത് കേട്ടതോടെ വിവേകിനു ദേഷ്യം തോന്നി…

” എന്താ കാര്യം..? നിങ്ങളാരാ..?

” ഇന്നലെ ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്മിയേ ഹെല്പ് ചെയ്യേണ്ടി വന്ന ഒരാളാണ് ഞാൻ. ആ കുട്ടി നിങ്ങൾക്കൊപ്പം ജീവിക്കാൻ ഇറങ്ങി വന്നതാണെന്ന് എന്നോട് പറഞ്ഞു. ഞങ്ങളിപ്പോ തന്റെ വീടിന്റെ അടുത്തുണ്ട്. അഡ്രസ്സ് ഒന്ന് പറഞ്ഞു തന്നാൽ അങ്ങോട്ട് വരാമായിരുന്നു.

സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും വിവേകിൽ വെപ്രാളം നിറഞ്ഞു..

” വീട്ടിലേക്കൊ..?ഇങ്ങോട്ട് ഒന്നും വരണ്ട, നിങ്ങൾ എവിടെയാണെന്ന് പറ ഞാൻ അങ്ങോട്ട് വരാം.

അവൻ പെട്ടെന്ന് പരിഭ്രമത്തോടെ പറഞ്ഞു.

” അതിനു താൻ തിരുനെൽവേലിയിൽ ആണെന്നല്ലേ ഇന്നലെ പറഞ്ഞത്.?

സെബാസ്റ്റ്യൻ ഒന്നുകൂടി ചോദിച്ചു.

” ആയിരുന്നു, ഇന്ന് രാവിലെ വന്നത് ആണ്.

കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവൻ വക്കി തപ്പി,

” ഞങ്ങൾ ഇവിടെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഉണ്ട്. പന്തളത്തേക്ക് വരണമെങ്കിൽ അവിടേക്ക് വരാം..

” വേണ്ട, ഞാൻ അങ്ങോട്ട് വരാം..

വിവേക് പറഞ്ഞു

” വരണം വന്നില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരും..

സെബാസ്റ്റ്യൻ പറഞ്ഞു

” വരാം… വരാം

അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു..

തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ പറഞ്ഞു

” അവനിപ്പോ ഇങ്ങോട്ട് വരും..

അവൾക്ക് ആശ്വാസം തോന്നി……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!