തണൽ തേടി: ഭാഗം 26
എഴുത്തുകാരി: റിൻസി പ്രിൻസ്
എന്നെ വിശ്വസിച്ച് ഇറങ്ങി വരുന്ന ഒരു പെണ്ണിന് ഒരിക്കലും ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം അവൾ ഇറങ്ങി വരേണ്ടി വരില്ല. ഞാൻ വിളിച്ച് ഇറക്കി കൊണ്ടുവരും.
അവന്റെ ആ വാക്കുകൾ വല്ലാത്തൊരു ബഹുമാനം അവനോട് അവൾക്ക് തോന്നാൻ കാരണം ആവുകയായിരുന്നു
“അതുകൊണ്ടുതന്നെയാണ് ഞാൻ ഇതുവരെ ആ പരിപാടിക്കൊന്നും നിൽക്കാതിരിക്കുന്നതും. ഞാനീ ബസ്സിലെ ഡ്രൈവർ ആയതുകൊണ്ട് തന്നെ ഇഷ്ടംപോലെ പെമ്പിള്ളേരെ കാണാറുണ്ട്. അന്ന് പോലീസുകാരൻ തന്നെ പറഞ്ഞില്ലേ ഈ ബസ്സ് ഡ്രൈവർമാർ ഒന്നും ശരിയല്ലെന്ന്. ശരിക്കും അങ്ങനെ ഒരു പൊതു ധാരണയുണ്ട്. പക്ഷേ അതെല്ലാം ശരിയല്ല. എല്ലാവരും ഒരേ പോലെയല്ല, മോശ സ്വഭാവമുള്ള ആളുകൾ ഉണ്ട്. അതിപ്പോ ഏത് മേഖലയിൽ ആണ് ഇല്ലാത്തത്. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന ചില പെൺപിള്ളേർ ഉണ്ടല്ലോ. അവർക്ക് നമ്മളെ കണ്ട് ഇഷ്ടമാകുമ്പോൾ അവരെ അവരുടെ നമ്പരൊക്കെ എഴുതി എഞ്ചിന് മുകളിൽ ഇടും. നമ്മൾ വിളിക്കാൻ വേണ്ടിയാണ്. ഒരു ഹിന്റ് ഇട്ടു തരുന്നത് ആണ്. ചിലർ ധൈര്യത്തോടെ നമ്മുടെ അടുത്ത് വന്ന് ഇഷ്ടമാണെന്ന് പറയും. ഇതിൽ പലരും നമ്മുടെ പുറംമോടിയും സൗന്ദര്യവും മാത്രം ഇഷ്ടപ്പെടുന്നവർ ആയിരിക്കും. പ്രശ്നങ്ങളും ദുരിതങ്ങളും ഒക്കെ അറിയുമ്പോൾ കൂടെ നിൽക്കുന്നവരും വളരെ കുറവായിരിക്കും. എന്റെ അടുത്ത് നേരിട്ട് വന്നിട്ടുള്ള പെൺപിള്ളേരോടൊക്കെ ഞാൻ പറയാറുണ്ട് നിങ്ങളീ പുറമേ കാണുന്ന പോലെ ഒന്നുമല്ല എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് അതൊന്നും നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്ന്. കുറച്ചു പേരൊക്കെ അതൊക്കെ കേൾക്കുമ്പോൾ സ്വന്തമായിട്ടങ്ങ് പോകും. പിന്നെ പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു പെങ്കൊച്ചിനെ ഇഷ്ടമായിരുന്നു. അവൾ മുസ്ലിം ആയിരുന്നു പ്ലസ് ടു കഴിഞ്ഞതോടെ അവള്ടെ കല്യാണം ആയി. പിന്നെ കണ്ടിട്ടില്ല
എന്റെ ചാച്ചൻ ഉണ്ടല്ലോ ഒരു പാവം ആണ്. തടിപ്പണിക്കായിരുന്നു പോവുന്നെ. ഒരു വട്ടം തടിപ്പണിക്കു പോയിട്ട് കാലിൽ തടി വീണു. അതുകഴിഞ്ഞ് പിന്നെ ചാച്ചന് ഇത്തിരി ബുദ്ധിമുട്ടാ, വീട്ടിലെ കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാത്ത വന്നപ്പോൾ ചാച്ചനെ വലിയ വിഷമമായി. അങ്ങനെയാണ് കുടി തുടങ്ങുന്നത്. ചാച്ചൻ കുടി തുടങ്ങിയതോടെ ചാച്ചൻ എല്ലാ വിഷമം മറന്നു. പക്ഷെ ഞങ്ങടെ വിഷമം മാറിയില്ല. പിന്നങ്ങോട്ട് വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാ അമ്മച്ചി മഠത്തിലെ വീട്ടുപണിക്കു പോകാൻ തുടങ്ങിയത്. ആ പൈസ കൊണ്ട് ഞങ്ങളെയൊക്കെ വളർത്തിയത്. ചാച്ചൻ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കാതെയായി, വല്ലപ്പോഴും ചെറിയ എന്തെങ്കിലും പണിക്കുപോകും. വല്ല സിമന്റ് ചുമക്കാനോ അല്ലെങ്കിൽ ടാപ്പിംഗോ അങ്ങനെ എന്തെങ്കിലും, ആ പൈസ ചാച്ചനു തന്നെ കുടിക്കാനുള്ളത് മാത്രമേ ഉള്ളൂ. വീട്ടില്‍ ഒന്നും തരാതെ ആയി. അങ്ങനെയാണ് അമ്മച്ചി മടുത്തു ജോലിക്ക് പോകുന്നത് ..
അപ്പോൾ മുതലാ സത്യത്തിൽ പട്ടിണി മാറി തുടങ്ങിയത്. ഞാൻ കൊച്ചുകുട്ടിയ, എന്നാലും അമ്മച്ചി ഇങ്ങനെ കഷ്ടപ്പെട്ട് പോകുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നും. പത്താം ക്ലാസ് ഒക്കെ ആയപ്പോഴാ അതിന്റെ ഒരു തീവ്രത മനസ്സിലായി തുടങ്ങി. ഈ ആൺപിള്ളേർക്ക് ഒരു പ്രശ്നമുണ്ട് ഒരു പ്രായമായി കഴിഞ്ഞാൽ പിന്നെ അപ്പനോടും അമ്മയോടും പൈസ ഒക്കെ ചോദിച്ചു വാങ്ങാൻ വലിയ ബുദ്ധിമുട്ടാ. അങ്ങനെയൊരു പ്രശ്നം എനിക്ക് ഉണ്ടായിരുന്നു..
അതുകൊണ്ട് ചെറിയ ചെറിയ പരിപാടിക്കൊക്കെ ഞാനും പോവായിരുന്നു. കാറ്ററിങ് പിന്നെ ഡെക്കറേഷൻ അങ്ങനെ പരിപാടിക്കൊക്കെ. പള്ളിയിൽ സ്റ്റാർ ഇടുന്ന ഒരു പരിപാടിയുണ്ട് അതിനൊക്കെ പോകുമ്പോൾ പള്ളിയിൽ അച്ഛൻ നമ്മൾടെ കയ്യിൽ എന്തേലും ടിപ്പ് വച്ച് തരും.
നമ്മുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്കൊക്കെ നടന്നു പോകും. ഈ കൂട്ടുകാരൊക്കെ ഓരോ കാര്യങ്ങൾക്ക് പൈസ കൊണ്ടു വരുമ്പോൾ നമ്മുടെ കയ്യിൽ പൈസ ഒന്നും ഇല്ലെങ്കിൽ ഭയങ്കര നാണക്കേട് തോന്നും. ട്യൂഷൻ പഠിക്കുന്ന കാലത്ത് ശിവൻ അണ്ണനെ പരിചയപ്പെടുന്നത്. ആ സമയത്ത് പുള്ളി ബസിലാ. അങ്ങനെ വെറുതെ പുള്ളിയുടെ കൂടെ കിളി ആയിട്ട് പോയി ആണ് ബസ്സ് ഓടിക്കാൻ ഞാൻ പഠിച്ചത്. പിന്നെ ലൈസൻസ് എടുത്തു. ജോലി തരപ്പെടുത്തി തന്നതും ശിവണ്ണൻ തന്നെയാ… എനിക്ക് ജോലിയായി കഴിഞ്ഞതിൽ പിന്നെ വീട്ടിൽ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.
എനിക്ക് ജോലി ആയപ്പോൾ തന്നെ ഞാൻ അമ്മയോട് പറഞ്ഞത് ആണ് ഇനി പണിക്കൊന്നും പോകണ്ടന്ന്. പക്ഷേ അമ്മച്ചി കേൾക്കത്തില്ല സ്വന്തമായിട്ട് അധ്വാനിച്ചു അമ്മച്ചിക്ക് ജീവിക്കണമെന്ന്. അതൊരു നല്ല കാര്യമാണ്. അത്യാവശ്യം കാര്യങ്ങളൊക്കെ അമ്മച്ചി നടത്തുന്നതു കൊണ്ട് കുടുംബത്തിലെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെപോയി. പിന്നെ സിമിയുടെ കല്യാണം നടത്തിയത് അങ്ങനെ തന്നെയാണ്,
ഞാൻ ബസിൽ കയറിയ കാലത്ത് തന്നെ കെഎസ്എഫ്ഇ യിൽ ഒരു ചിട്ടി ഒക്കെ കൂടിയിട്ടുണ്ടായിരുന്നു. ആ ചിട്ടി പിടിച്ചിട്ട് സിമിയുടെ കല്യാണം നടത്തി. ഒരു ലൗ മാരേജ് ആയിരുന്നു. അതുകൊണ്ട് അവര് വലിയ ചോദ്യമൊന്നും ഉണ്ടായില്ല. അതുകൊണ്ട് നമ്മുടെ സ്ഥിതിക്ക് അനുസരിച്ച് ചെറുതായിട്ട് കൊടുത്ത് കല്യാണം നടത്തി. അവിടെ അടുത്ത് തന്നെയാ ഇപ്പോ ഒന്നര കൊല്ലം ആവുന്നേ ഉള്ളു.
പിന്നെ സിനി ലാബ് പഠിക്കുകവാ. ബിഎസ്എംഎൽടി. അത് നമ്മുടെ കറുകച്ചാൽ ആണ് പഠിക്കുന്നത്.
അവനവനെ കുറിച്ച് പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടിരുന്നു.
” ഞാനിതൊക്കെ പറഞ്ഞത് ഞാൻ ഇതൊക്കെയാണെന്ന് തനിക്ക് മനസ്സിലാവാൻ വേണ്ടിയാണ്. ഈ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഒക്കെ നിറഞ്ഞതാണ് ഞാന്. എന്റെ ജീവിതത്തിലേക്ക് വരുന്ന പെങ്കൊച്ച് ഇതൊക്കെ മനസ്സിലാക്കാൻ തയ്യാറാകുന്ന ഒരാളാകണം.
അവളെ ഒളികണ്ണിട്ട് നോക്കി അവൻ അത് പറഞ്ഞപ്പോൾ അതിന്റെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നു
” കൊച്ച് ഡിഗ്രി കമ്പ്ലീറ്റ് ചെയ്തായിരുന്നോ?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി..
” കമ്പ്ലീറ്റ്ട് സർട്ടിഫിക്കറ്റ് ഇല്ല. അതൊക്കെ അച്ഛന്റെ കയ്യിൽ ആണ് . ഇനി അതൊന്നും എടുക്കാൻ പറ്റില്ല,
“അച്ഛന്റെ പിണക്കുമൊക്കെ മാറുമെടോ എല്ലാം അപ്പനമ്മമാർക്കും മക്കളുടെ ജീവിതം എന്ന് പറഞ്ഞാൽ അതൊരു സ്വപ്നമല്ലേ, അവര് ജനിക്കുന്ന സമയം മുതൽ ആ സ്വപ്നത്തിന് നിറം വയ്ക്കാൻ തുടങ്ങും. താൻ ആണെങ്കിൽ പുള്ളിടെ ആദ്യത്തെ കുട്ടിയാണ്.
താൻ ജനിച്ച സമയം മുതൽ എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാവും അച്ഛൻ. ആ കാര്യങ്ങൾ ഒന്ന് നടന്നില്ലെന്ന് പറയുമ്പോൾ സ്വാഭാവികമായും ആ മനുഷ്യന് സങ്കടവും ദേഷ്യവും ഒക്കെ തോന്നും. പക്ഷേ ഒരുപാട് കാലം അതൊന്നും ഉണ്ടാവില്ല. തന്നെ അച്ഛൻ മനസ്സിലാക്കി തിരിച്ചുപിടിച്ച് തനിക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യും.
അവൻ പറഞ്ഞപ്പോൾ അവളും നന്നായി ഒന്ന് ചിരിച്ചു.
അപ്പോഴേക്കും കോട്ടയം എത്തിയിരുന്നു. അവൻ രാവിലെ തന്നെ സുനിയെ വിളിച്ച് ബസിൽ ഇരുന്ന അവളുടെ ബാഗ് സ്റ്റാന്ഡിലെ കടയിൽ ഏല്പിക്കാൻ പറഞ്ഞിരുന്നു. അതും കൂടി എടുത്തു. ശേഷം തലേദിവസം അവിടെ കടയുടെ മുൻപിൽ വച്ചിരുന്ന അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് അവളോട് കയറാൻ അവൻ ആവശ്യപ്പെട്ടു.
അവനൊപ്പം പുറകിലേക്ക് കയറുമ്പോൾ അവൾക്ക് ചെറിയൊരു നാണം ഒക്കെ തോന്നിയിരുന്നു. കടയിൽ ഉള്ള പല ബസുകാരും ഇരുവരെയും നോക്കുന്നുണ്ട്. അവനാണേൽ ആരെയും മൈൻഡ് ചെയ്യാതെ വണ്ടിയുമായി പോവുകയും ചെയ്തു.
രണ്ടുപേരും വീട്ടിലേക്ക് എത്തുമ്പോൾ കുറച്ച് അധികം ആളുകൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു…തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…