തണൽ തേടി: ഭാഗം 36

എഴുത്തുകാരി: റിൻസി പ്രിൻസ്
അങ്ങനെ സ്വാർത്ഥത കാണിക്കാനും മാത്രം എന്തെങ്കിലും അവകാശം തനിക്ക് അവനിൽ ഉണ്ടോ.? പല ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ നിറഞ്ഞതെങ്കിലും. എന്തുകൊണ്ടോ അനുവിന് തന്നോട് തോന്നിയ അതേ അനിഷ്ടം തന്നെ ആ നിമിഷം ലക്ഷ്മിക്ക് അവളോടും തോന്നി..
സിനിയുടെ ചേട്ടായി ഇത് അറിഞ്ഞില്ല അല്ലേ .?
എന്തും വരട്ടെ എന്ന് കരുതിയാണ് അവൾ സിനിയോട് ആ ചോദ്യം ചോദിച്ചത്. ഒരു കള്ളച്ചിരിയോടെ നോക്കി സിനി അതിനു മറുപടി പറഞ്ഞു
ഹേയ് ചേട്ടായി അറിഞ്ഞിട്ടൊന്നുമില്ല. ബന്ധത്തിൽ ഉള്ള കൊച്ച് അല്ലേ എന്ന് വിചാരിച്ചു ഞാൻ ചേട്ടായിയോട് പറഞ്ഞോന്നുമില്ല.. നാളെയും കാണേണ്ടവരല്ലേ, അറിഞ്ഞാലും ചേട്ടായീടെ മനസ്സിൽ ഈ പാവം ചേച്ചി ഉള്ളപ്പോൾ എന്ത് സംഭവിക്കാനാ.
സിനി അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തുക മാത്രമാണ് ലക്ഷ്മി ചെയ്തത്. എന്തുകൊണ്ടോ അനുവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ വല്ലാത്തൊരു അസ്വസ്ഥത തന്നെ സിനിയുടെ മനസ്സിൽ നിറച്ചിരുന്നു.
നിങ്ങളെ ക്രിസ്ത്യൻസിന് അങ്ങനെ നോക്കുമ്പോൾ ബ്രദറിന്റെ സ്ഥാനതല്ലേ ചേട്ടായി വരുന്നത്, അപ്പോ അങ്ങനെയൊക്കെ കാണിക്കാൻ പാടുണ്ടോ.?
സംശയം തീരാതെ വീണ്ടും ലക്ഷ്മി ചോദിക്കുന്നുണ്ട്.
അതിപ്പോ നമ്മുടെ ആനിയാന്റിയുടെ മോളാണെങ്കിൽ മാത്രമേ ബ്രദറിന്റെ സ്ഥാനത്ത് വരു.. ഇതിപ്പോ ആന്റിയുടെ സിസ്റ്ററുടെ മോളല്ലേ
അതുകൊണ്ട് അത്ര വലിയ റിലേഷൻഷിപ്പ് ഒന്നുമില്ല
.
അവൾ പറഞ്ഞപ്പോൾ ലക്ഷ്മി ഒന്ന് തലയാട്ടിയിരുന്നു..ആ നിമിഷം അവന്റെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു.. അവളോട് കുറെ സമയം സംസാരിക്കുകയും അവളോട് തമാശകൾ പറയുകയും ചെയ്ത സെബാസ്റ്റ്യന്റെ മുഖം. ഒരുപക്ഷേ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവൻ അവളോട് ഇഷ്ടം തോന്നുമായിരുന്നോ.? അവളോട് നല്ല ഇഷ്ടത്തിൽ എന്ന രീതിയിലാണ് സംസാരിച്ചിട്ടുള്ളതൊക്കെ. ആ ഒരു ചിന്ത അവളുടെ മനസ്സിനെ അലട്ടാൻ തുടങ്ങി…
ഞാൻ ഇരുട്ട് വീഴുന്നതിനു മുമ്പ് തുണി അലക്കിയിട്ട് വരാം. പിന്നെ മുടിയിൽ ഷാമ്പു ഇടണം നാളെ സിമി ചേച്ചിടെ വീട്ടിൽ പോകേണ്ടതല്ലേ, അടിച്ചു പൊളിച്ചു പോകണം എന്നാ വിചാരിക്കുന്നത് അതുകൊണ്ട് ഒത്തിരി വെള്ളം വേണം അതുകൊണ്ട് ഞാൻ തോട്ടിൽ പോയി കുളിച്ച് വരാം..
അവൾ പറഞ്ഞപ്പോൾ ഇവിടെ ഒറ്റയ്ക്ക് ഇരുന്നാൽ തനിക്ക് വട്ടു പിടിക്കുമെന്ന് ലക്ഷ്മിക്ക് തോന്നിയിരുന്നു..ഞാനും കൂടി വരാം…
ലക്ഷ്മി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
വേണ്ട ചേച്ചി
ഞാനിവിടെ ഒറ്റയ്ക്കല്ലേ, സിനി അല്ലാതെ വേറെ ആരും എന്നോട് അങ്ങനെ സംസാരിക്കാറ് പോലും ഇല്ല. ഒറ്റക്കിരിക്കുമ്പോൾ എന്തോ പോലെ തോന്നും… ആളും ഇവിടെ ഇല്ലല്ലോ പിന്നെ എല്ലാരും തിരക്കിലും അല്ലേ.? അവിടെ വരാണെങ്കിൽ എനിക്ക് സിനിയോട് എന്തെങ്കിലും പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെല്ലോ.
എന്നാപ്പിന്നെ ചേച്ചി പോര് ഒറ്റയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ
സിനി പറഞ്ഞപ്പോൾ അവൾക്കൊപ്പം തോട്ടിലേക്ക് പോകാൻ ലക്ഷ്മിയും തയ്യാറായിരുന്നു.
സിനി തലയിൽ എണ്ണയൊക്കെ പുരട്ടി കയ്യിൽ ഷാമ്പൂവും കണ്ടീഷണറും ഒക്കെ എടുത്തിട്ടുണ്ട്..ഒരു ബക്കറ്റിൽ അത്യാവശ്യം വേണ്ട തുണികളും എടുത്തുവച്ചിട്ടുണ്ട്..
ചേച്ചി എണ്ണ തേക്കുന്നില്ലേ.?
ലക്ഷ്മിയോട് സിനി ചോദിച്ചു..
ഞാൻ അവിടെ കുളിക്കുന്നില്ല എനിക്ക് അങ്ങനെ നിന്ന് കുളിച്ച് പരിചയമില്ല. തുണി മാത്രമേ നനക്കുന്നുള്ളൂ.
ലക്ഷ്മി പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു ..അമ്മച്ചി ഞങ്ങൾ തോട്ടിൽ പോവാണ്.. ലക്ഷ്മിയുടെ കയ്യിൽ പിടിച്ചുകൊണ്ട് സിനി പറഞ്ഞു..
നല്ല വഴുവഴുക്കൽ കാണും ശ്രദ്ധിച്ചും കണ്ടുമൊക്കെ വേണം നിക്കാൻ. തോടാണെന്ന് പറഞ്ഞാലും അത്യാവശ്യം ആഴമുള്ള ഒരു കനാൽ തന്നെയാണ്.
ആരോടും അല്ലാതെ സാലി പറഞ്ഞപ്പോൾ അത് ലക്ഷ്മി കേൾക്കാൻ വേണ്ടിയാണെന്ന് സിനിക്ക് മനസ്സിലായി. അത് ലക്ഷ്മിയുടെ ചൊടിയിലും ഒരു പുഞ്ചിരിക്ക് കാരണമായി……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…