Novel

തണൽ തേടി: ഭാഗം 37

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അന്നത്തെ രാത്രി എല്ലാവർക്കും തിരക്കേറിയതായിരുന്നു, തന്നെക്കൊണ്ട് പറ്റുന്ന ജോലികളൊക്കെ ലക്ഷ്മിയും ചെയ്യുന്നുണ്ടായിരുന്നു. അരിയിലും ഉള്ളി പൊളിക്കലും അങ്ങനെ തന്നെ കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലികൾ ഒക്കെ. ഒന്നിനും തന്നെ മാറ്റിനിർത്താതിരുന്നതും അവൾക്ക് വലിയ ആശ്വാസമായി. ഇതിനിടയിൽ ആകെയുള്ള ഒരു ബുദ്ധിമുട്ട് ഇടയ്ക്ക് അനുവിനെ കാണുന്നതാണ്. രണ്ടുപേർക്കും പരസ്പരം മുഖത്തോട് മുഖം നോക്കുമ്പോൾ ഒരു ദേഷ്യം എവിടെനിന്നോ വരും. അതിന് കാരണക്കാരനോ ഒരുവൻ മാത്രം.!

ഇത്ര പെട്ടെന്ന് ആ ഒരുവനിൽ തനിക്ക് സ്വാർത്ഥത മോട്ടിട്ടോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു പോയിരുന്നു.

നാളെ രാവിലെ എന്താ ആന്റി.?

അധികാരത്തോടെ സാലിയോട് അനു ചോദിക്കുന്നുണ്ട്.

ഇവിടെ വന്ന് കുറച്ച് സമയങ്ങൾ കൊണ്ട് തന്നെ അത്ര ഇഷ്ടമില്ല ആർക്കും എന്ന് അവൾക്ക് ചിലപ്പോൾ മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ടാവും തന്നെ കാണിക്കുവാൻ വേണ്ടി ഇത്രയും വലിയ സ്വാതന്ത്ര്യം എടുക്കുന്നത് എന്ന് ലക്ഷ്മിക്ക് തോന്നിയിരുന്നു.

രാവിലെ പാലപ്പം ഉണ്ടാക്കാന്നാ വിചാരിക്കുന്നത്. നാളെ എന്താണെങ്കിലും സെബാസ്റ്റ്യൻ പോത്ത് മേടിക്കും, ഞായറാഴ്ച അവന് പോത്തിറച്ചിയും കപ്പയും നിർബന്ധമാ.. അതുകൊണ്ട് അതിൽ നിന്ന് കുറച്ചു രാവിലെ കുറുമ പോലെ കറി വയ്ക്കാവുന്ന ഓർക്കുന്നത്. പിന്നെ രാവിലത്തേക്ക് എല്ലാവർക്കും കഴിച്ചിട്ട് പോകാനും പറ്റുമല്ലോ.

അമ്മച്ചിയെ ഇങ്ങ് വന്നേ..

സെബാസ്റ്റ്യൻ അകത്തുനിന്നും വിളിച്ചപ്പോൾ ലക്ഷ്മിയ്ക്ക് വല്ലാത്ത ഒരു സമാധാനം തോന്നി ഇത്രയും സമയം അവൻ ഇവിടെ ഉണ്ടായിരുന്നില്ല അവന്റെ അസാന്നിധ്യം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് അവൾക്ക് തോന്നിയിരുന്നു. ആ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ഒരു വല്ലാത്ത സമാധാനം!

എണ്ണ മുറുകുന്ന തിരക്കിലും ചട്ടുകം ആനിയെ ഏൽപ്പിച്ചുകൊണ്ട് അവർ അങ്ങോട്ട് പോയിരുന്നു.

മുറിയിലേക്ക് ചെന്നപ്പോൾ സെബാസ്റ്റ്യൻ ഒരു റോസ് കളറിലുള്ള പൊതിയെടുത്ത് അവരുടെ കയ്യിൽ വച്ചു കൊടുത്തു

എന്നതാടാ ഇത്…

അവര് മനസ്സിലാവാതെ ചോദിച്ചു..

” ഇത് അരഞ്ഞാണം, ഒരു മൂക്കാൽ പവൻ വരും. ഞാന് ഇപ്പോ പോയി വാങ്ങിയിട്ട് വന്നത. നമ്മൾ കുഞ്ഞിനെ ഒന്നും കൊടുത്തില്ലല്ലോ. അങ്ങോട്ട് കൊണ്ടുപോകുമ്പോൾ അവർ നോക്കത്തില്ലേ.? നമ്മൾ എന്തൊക്കെ ഇട്ടേന്ന്

നിന്റെ കയ്യില് പൈസയുണ്ടായിരുന്നോ

അത്ഭുതത്തോടെ സാലി ചോദിച്ചു.

ഉണ്ടായിട്ടൊന്നുമല്ല ഇത് ഞാൻ നേരത്തെ ശിവൻ അണ്ണനെ കൊണ്ട് ഒരാളുടെ അടുത്ത് നിന്ന് പലിശയ്ക്ക് എടുത്തതാ. അത് കുറച്ചു കുറച്ച് തീർത്താൽ മതി. ഒന്നുമില്ലാതെ എങ്ങനെയാ അങ്ങോട്ട് വിടുന്നത്.

ഇപ്പോ ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ലയിരുന്നു. നമ്മൾ ഇവിടെ ഒരു കല്യാണമൊക്കെ നടത്താൻ പോവുകയാണെന്ന് അവർക്ക് ഏകദേശം അറിയാവുന്നതല്ലേ.

എന്നാലും അതല്ലല്ലോ അതിന്റെ ഒരു ശരി,

അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് ആ നിമിഷം അവർക്കും തോന്നിയിരുന്നു.

എന്നാപ്പിന്നെ നിനക്ക് എന്നോട് പറയത്തില്ലായിരുന്നോ ഞാൻ കുറച്ചു രൂപ നിന്റെൽ തന്നേനെയല്ലോ, ഞാൻ അയൽക്കൂട്ടത്തിൽ നിന്ന് കുറച്ച് പൈസ കടമെടുത്തു വച്ചിട്ടുണ്ടായിരുന്നു.

അത് ആവശ്യം വരും, നാളെ ഇവിടുന്ന് വണ്ടി വേണ്ടേ അങ്ങോട്ട് പോകാൻ. അതിനൊക്കെ പൈസ വേണം. എന്റെൽ ഇനി ഒന്നും ഇല്ല

സെബാസ്റ്റ്യൻ പറഞ്ഞു

നീ തന്നെ ഇത് സിമിയുടെ കൈയ്യിൽ കൊടുത്തേക്കടാ

അരഞ്ഞാണം അവന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

അതൊന്നും വേണ്ട അമ്മച്ചി തന്നെ കൊടുത്താൽ മതി. ഇനി അവൾക്ക് ഞാൻ കൊടുത്ത ഇഷ്ടപ്പെട്ടില്ലെങ്കിലോ.? അതെന്താ നീ കൊടുത്താൽ ഇഷ്ടപ്പെടാതിരിക്കാൻ.

അവര് ചോദിച്ചു

ഞാൻ ലക്ഷ്മിയെ വിളിച്ചുകൊണ്ട് ഇവിടെ വന്നു കഴിഞ്ഞതിൽ പിന്നെ അവൾ എന്നോട് മിണ്ടിയിട്ട് പോലുമില്ല.

എടാ അത് നിന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല അവൾക്കും കാണില്ലേ സങ്കടം, അവളാ എന്നോട് പറഞ്ഞത് ആ പെണ്ണിനോട് പിണക്കമൊന്നും കാണിക്കാൻ നിൽക്കല്ലേ അമ്മച്ചി എന്ന്. അവളെ നിന്റെ കൂടപ്പിറപ്പ് അല്ലേടാ, നിന്റെ കല്യാണം എന്നൊക്കെ പറയുമ്പോൾ അത് അവൾക്കും ആഗ്രഹം കാണില്ലേ.? അതാണ് ഇങ്ങനെ കാണിക്കുന്നത്. അല്ലാതെ നിന്നോട് ഇഷ്ടക്കേട് ഒന്നും ഉണ്ടായിട്ടില്ല

ആയിക്കോട്ടെ ഏതായാലും തൽക്കാലം ഇത് അമ്മച്ചി തന്നെ കൊടുത്താൽ മതി. എനിക്കും ഒരു ചമ്മല്..

അവൻ പറഞ്ഞപ്പോൾ അവര് മറുതൊന്നും പറയാൻ പോയില്ല.

പച്ചക്കറി ഒക്കെ അരിഞ്ഞുകഴിഞ്ഞ് മേൽ ഒന്ന് കഴുകാൻ വേണ്ടി ബാത്റൂമിൽ പോയി തിരികെ വരുമ്പോഴാണ് ലക്ഷ്മി ആ കാഴ്ച കാണുന്നത്.. ഒരു ചെറിയ പൈന്റ് കുപ്പി അപ്പച്ചന്റെ കൈയിലേക്ക് കൊടുക്കുന്ന സെബാസ്റ്റ്യൻ.. ശേഷം അമ്മച്ചി കാണരുത് എന്ന് പ്രത്യേകം അപ്പച്ചനോട് പറയുകയും ചെയ്യുന്നുണ്ട്. അപ്പനും മോനും തമ്മിലുള്ള ആത്മബന്ധം കണ്ടപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.

ഇതും കുടിച്ചിട്ട് അടങ്ങി ഒതുങ്ങി ഒരിടത്ത് ഇരുന്നോണം അല്ലാതെ വല്ല പാട്ടോ അമ്മച്ചിയോട് എന്തെങ്കിലും പിടുത്തത്തിനോ ചെന്നാൽ പിന്നെ ജീവിതത്തിൽ എന്റെ കയ്യിൽ നിന്ന് ഒരു കുപ്പി പോലും കിട്ടത്തില്ല.

ചാച്ചനെ വഴക്ക് പറയുന്നവനെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നിരുന്നു..

ഇല്ലട ഞാൻ അടിച്ചെന്ന് പോലും ആർക്കും തോന്നില്ല, ഉറപ്പ്

ആന്റണി പറഞ്ഞു

“ആഹാ മോൾ എവിടെ പോയതാ

അവളെ കണ്ടതും ആന്റണി സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോഴാണ് അവൾ പിന്നിൽ ഉണ്ട് എന്ന കാര്യം സെബാസ്റ്റ്യൻ കണ്ടത്. അവൻ അവളെ പുഞ്ചിരിച്ചിരുന്നു. അവനെ കാണാൻ ഒരു പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് അവൾക്ക് തോന്നി.

ഒരു കാവി മുണ്ടും ടീ ഷർട്ടും ആണ് വേഷം.. ആദ്യമായാണ് അവന്റെ മുഖം ഒന്ന് ശ്രദ്ധിക്കുന്നത്. താടിയും മീശയും നിറഞ്ഞ ആ മുഖത്തിന് ചുവന്ന ചുണ്ടുകളാണ് കൂടുതൽ അഴക് എന്ന് തോന്നി.

അവൻ ചിരിക്കുമ്പോൾ ആ ദീക്ഷയിൽ ഒളിഞ്ഞു ഒരു നുണക്കുഴി ഉണ്ട്. അത് കഴിഞ്ഞദിവസം അടുത്തു കണ്ടപ്പോഴാണ് താൻ മനസ്സിലാക്കിയത്.

ഭയങ്കര ചൂടായിരുന്നു അതാ ഞാൻ കുളിക്കാൻ പോയത്..

ആന്റണിയോട് അവള് പറഞ്ഞു

മകൾ വല്ലോം കഴിച്ചായിരുന്നോ

? ഏറെ സ്നേഹത്തോടെ ആന്റണി ചോദിച്ചു..

അവൾ ഇല്ല എന്ന് അർത്ഥത്തിൽ തലയാട്ടി

നിന്റെ അമ്മച്ചി ഈ കൊച്ചിനെ വല്ലോം സമയത്ത് കൊടുക്കുന്നുണ്ടോടാ. നിന്നെ വിശ്വസിച്ചു ഇറങ്ങിവന്ന കൊച്ച അതിനെ ബുദ്ധിമുട്ടിച്ചേക്കരുത്.?

മോനോട് അത്രയും പറഞ്ഞു അയാൾ അവിടെ നിന്നും പിൻവാങ്ങിയിരുന്നു.

ഒരു നിമിഷം സെബാസ്റ്റ്യൻ അരികിൽ ഒറ്റയ്ക്ക് ആയപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവളും.

നാളെ ഞങ്ങള് രാവിലെ അവിടെ പോയിട്ട് ഞാൻ ഒരു ഉച്ചയാവുമ്പോ വരാം, തന്നെ ഞാൻ ശിവ അണ്ണന്റെ വീട്ടിലാക്കാം. ശിവണ്ണനേ അറിയില്ലേ അന്ന് വന്ന…

അവൾ അറിയാമെന്ന് രീതിയിൽ തലയാട്ടി. അവിടെ പുള്ളിക്കാരന്റെ ഭാര്യയുണ്ട്. ചേച്ചി ഒരു പാവം ആണ്. അവരെയും പരിചയപ്പെടാമല്ലോ. ഞങ്ങൾ വരുമ്പോൾ ചിലപ്പോൾ താമസിക്കും. ഞാൻ എന്തായാലും കുറച്ച് നേരത്തെ വരാം..

സാരമില്ല അവിടുത്തെ ചടങ്ങൊക്കെ കഴിഞ്ഞ് പതുക്കെ വന്നാൽ മതി…

അവള് മറുപടി പറഞ്ഞു. സംസാരിക്കുമ്പോൾ മുഴുവൻ അവന്റെ മുഖഭാവം ആയിരുന്നു അവൾ ശ്രദ്ധിച്ചത്. കുറെ പീലികൾ ഉള്ള കണ്ണുകളും നീണ്ട നാസികയും വൈൻ റെഡ് അധരങ്ങളും കട്ടി മീശയും.

പിന്നെ മറ്റന്നാളും മുതല് പള്ളിയിൽ പോകണ്ടേ പഠിക്കാൻ വേണ്ടി…

തിരിച്ച് നമ്മുടെ ബസ്സിന് വന്നാ മതി സെന്റ് മേരി

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു.

അപ്പോഴേക്കും അകത്തുനിന്നും സണ്ണി വന്നിരുന്നു..

നീ ഇവിടെ കിന്നാരം പറഞ്ഞുകൊണ്ടിരിക്കുകയാണോ ഇങ്ങോട്ട് വന്നേ…. മോളെ ഇപ്പം വിടാം കേട്ടോ…

സണ്ണി അവളോട് പറഞ്ഞു അവനെയും വലിച്ചുകൊണ്ടു പോയപ്പോൾ ആദ്യമായി അവൻ അരികിൽ നിന്നും പോയതിൽ അവൾക്ക് ഒരു നിരാശ തോന്നി. അവനോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!