തണൽ തേടി: ഭാഗം 40

എഴുത്തുകാരി: റിൻസി പ്രിൻസ്
ഒരു വലിയ ഹമ്പ് ചാടിയപ്പോഴേക്കും വീഴും എന്ന അവസ്ഥ വന്നതും അവൾ അവന്റെ വയറിലൂടെ അവനെ ചുറ്റിപ്പിടിച്ചു. മുൻപോട്ട് ആഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ഒരു സ്പർശനം തീർത്തു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ സെബാസ്റ്റ്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി തിരിഞ്ഞവളെ നോക്കി
അറിയാതെ സംഭവിച്ചതാണ് എങ്കിലും അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കൊരു പതർച്ച തോന്നിയിരുന്നു… അവൻ തെറ്റിദരിക്കുമോ.?
പെട്ടെന്ന് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്തു ചെയ്യും എന്ന് അറിയാത്തത് പോലെ…
വേ…. വേഗം വണ്ടിയുടെ വേഗം ഇത്തിരി കൂടുതലായിരുന്നു… എനിക്ക് ബാലൻസ് കിട്ടിയില്ല.! കുറച്ച് വേഗത കുറയ്ക്കൂമോ.?
അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ ചിരി ഒളിപ്പിക്കാൻ അവൻ പാടുപെട്ടിരുന്നു..
ഒന്നുമറിയാത്തതുപോലെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു
തനിക്ക് പറയായിരുന്നില്ലേ, ഞാൻ പെട്ടെന്ന് പോണമല്ലോ എന്ന് കരുതിയ വേഗന്ന് വണ്ടി എടുത്തത്… പിടിച്ചു ഇരുന്നോ
ഒരു കള്ളചിരിയോടെ അതും പറഞ്ഞ് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവളുടെ ചൊടിയിലും ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു.
ഒരു പാലത്തിന്റെ താഴെയായി അവൻ വണ്ടി പാർക്ക് ചെയ്തു.
ഈ പാലം കയറി വേണം പോകാൻ. അവിടേക്ക് വണ്ടി പോവില്ല,
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി ഇറങ്ങിയിരുന്നു…
പാലത്തിന്റെ മുകളിലേക്ക് സ്റ്റെപ്പ് ഉണ്ട് അത് കയറി വേണം അപ്പുറത്തേക്ക് പോകാൻ. അവൻ മുന്നിൽ നടന്നു അവനെ അനുഗമിച്ചുകൊണ്ട് പിന്നിൽ അവളും,
ഞാൻ പെട്ടെന്ന് വരാം ഉച്ച ആകുമ്പോഴേക്കും ഞാൻ എത്തിയേക്കാം…
അവളോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിക്കുന്നുണ്ടായിരുന്നു.. പിൻകഴുത്തിൽ അപ്പോഴും അവൾ അറിയാതെ നൽകിയ ആ ചുംബനചൂട് അവനിൽ ഒരു വേലിയേറ്റം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു..
അവളെ കാണാതെ മുഖം ചരിച്ചവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി… കാഴ്ചകൾ കണ്ടുകൊണ്ടുള്ള നടപ്പാണ്, പെട്ടെന്ന് ചിരി വന്നിരുന്നു എങ്കിലും അത് മുഖത്ത് വരാതെ അവൻ നേരെ നടന്നു.
പാലം ചെന്ന് അവസാനിക്കുന്നിടത്ത് ഒരു കുഞ്ഞു വീട് കാണാം. ഷീറ്റും ഓടും ഒക്കെ ഉള്ള ഒരു പഴയ വീടാണ്. തൊട്ടപ്പുറത്ത് തന്നെ മറ്റൊരു വീടിന്റെ പണി നടക്കുന്നത് കാണാം… പുതിയ വീട് വയ്ക്കാൻ ആണെന്ന് തോന്നുന്നു. അവൾ അവിടേക്ക് നോക്കുന്നത് കണ്ടുകൊണ്ട് സെബാസ്റ്റ്യൻ പറഞ്ഞു
ശിവണ്ണൻപുതിയ വീട് വയ്ക്കുന്നത് ആണ്. ഇത് പഴയ കുടുംബവീടാ
അവൾ തലയാട്ടി
സന്ധ്യ ചേച്ചിയേ….
സെബാസ്റ്റ്യൻ വിളിച്ചപ്പോഴേക്കും അകത്തു നിന്നും ചുരിദാറിന്റെ ടോപ്പും അടിപ്പാവാടയും ഇട്ടുകൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വന്നിരുന്നു..
നീ വരുമെന്ന് ശിവേട്ടൻ പറഞ്ഞിരുന്നു, ഞാൻ കുറെ നേരം നോക്കിയിരുന്നു അത് കഴിഞ്ഞിട്ട് തുണി കഴുകാൻ പോയതായിരുന്നു… ഇതാണല്ലേ ആള്.? ഞാനൊന്ന് കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു
അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ സന്ധ്യ പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു..
നേരമില്ല ചേച്ചി ഞാൻ പെട്ടെന്ന് ഇറങ്ങട്ടെ, ഞാൻ ഉച്ചയോടെ തിരിച്ചു വരാം, പിള്ളേര് എന്തിയെ.?
സെബാസ്റ്റ്യൻ ചൊദിച്ചു
“പിള്ളേർ ഡാൻസ് ക്ലാസിനു പോയി. ഞാൻ ശിവേട്ടന്റെ കൂടെയാ അവരെ അങ്ങോട്ട് വിട്ടത് അവരെ ക്ലാസിൽ ഇറക്കിയ ശിവേട്ടൻ അങ്ങോട്ട് വന്നത്… ഉച്ചയ്ക്ക് പോയി വിളിക്കണം, നീ ഉച്ചയ്ക്ക് വരുമെങ്കിൽ അവരെ കൂടി വിളിച്ചോണ്ട് വന്നാൽ മതി, അപ്പൊ പിന്നെ ഞാൻ ഇനി അതിനായിട്ട് പോകണ്ടല്ലോ.
ഞാൻ ആ സമയത്ത് വരുന്നെങ്കിൽ വിളിക്കാം..
ഞാനെന്നാൽ പോട്ടെ ….
ലക്ഷ്മിയുടെ മുഖത്തേക്കും കൂടി നോക്കിയാണ് അവൻ ചോദിച്ചത്
നീ ധൈര്യമായിട്ട് പോയിട്ട് വാടാ ലക്ഷ്മി ഇവിടെ സേഫ് ആയിരിക്കും,
തന്റെ പേര് വരെ ആ പെൺകുട്ടിക്ക് അറിയാമെന്ന് അറിഞ്ഞപ്പോൾ ലക്ഷ്മിക്ക് ഒരു അത്ഭുതം തോന്നിയിരുന്നു. സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണ് ശിവൻ എന്ന് അവൾക്ക് അറിയാമായിരുന്നു.
ഡാ നിന്റെ മുഖത്ത് എന്താണ് കരി
സന്ധ്യ ചോദിച്ചു
കരിയോ.?
അവിടെ തൂക്കിയ കണ്ണാടിയിൽ അവനൊന്നു നോക്കി, ശരിയാണ് കവിളിൽ കരിയുണ്ട്,
എവിടുന്ന് ആണോ ആവോ.?വണ്ടിയിൽ നിന്ന് ആവും
അവൻ പറഞ്ഞു
അകത്ത് സന്ധ്യയുടെ ഫോൺ ബെല്ലടിച്ചു
തൂത്തു കളഞ്ഞിട്ട് പോടാ
അതും പറഞ്ഞു സന്ധ്യ ഫോൺ എടുക്കാൻ അടുക്കളയിലേക്ക് ഓടി
അവൻ പോക്കറ്റിൽ തപ്പിയപ്പോൾ കർച്ചീഫ് എടുത്തിട്ടും ഇല്ല..
“ആഹ്.. സാരമില്ല
അവൻ പറഞ്ഞു
“ഒരുപാട് ഉണ്ടല്ലോ
ലക്ഷ്മി പറഞ്ഞു
കർച്ചീഫ് എടുത്തില്ല, സാരമില്ല
അവൻ നിസാരമായി പറഞ്ഞു..
തുടച്ചോളു..
ഷോളിന്റെ തുമ്പ് അവന് നേരെ നീട്ടി പിടിച്ചവൾ പറഞ്ഞു, ഒരു നിമിഷം ഒന്ന് അമ്പരന്ന് പോയെങ്കിലും ഒരു ചെറുചിരിയോടെ അവൻ ആ ഷോളിന്റെ തുമ്പാൽ മുഖം തുടച്ചു.
പോയോ..?
തന്നേ അഭിമുഖീകരിക്കാൻ കഴിയാതെ നില്കുന്നവളെ നോക്കി ചോദിച്ചു…
“മ്മ്ഹ്ഹഹ്
അവൾ നിഷേധ അർത്ഥതിൽ തലയാട്ടി
കുറച്ചൂടെ ഉണ്ട്..
അവൾ പറഞ്ഞപ്പോൾ അവൻ വീണ്ടും തുടച്ചു, അവൻ തുടച്ചിട്ട് ഒന്നും പോകുന്നില്ലെന്ന് കണ്ട് അവൾ തന്റെ ഷോള് കൊണ്ട് അവന്റെ മുഖം അമർത്തി ഒന്ന് തുടച്ചു. ഒരു നിമിഷം അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഉടക്കി. വെളുപ്പും ചുവപ്പും ഇടകലർന്ന നിറമാണ് അവൾക്ക്. നീണ്ട നാസികയും ചാമ്പക്ക നിറമുള്ള ചൂടുകളും അവളുടെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. ഒരു കറുത്ത പൊട്ട് മാത്രമാണ് മുഖത്തുള്ളത് കണ്ണു പോലും എഴുതിയിട്ടില്ല പക്ഷേ ഒരു പ്രത്യേക സൗന്ദര്യം അവൾക്കുണ്ടെന്ന് അവന് തോന്നി തന്നെ അവൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അവൾ അവനെ ഒന്ന് നോക്കി. ആ നിമിഷം തന്നെ ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു..
നീ പോയില്ലേ..?
അകത്തു നിന്നും സന്ധ്യ ഇറങ്ങി വന്നപ്പോഴേക്കും അവന്റെ അടുത്ത് നിന്നും അവൾ അല്പം മാറി നിന്നു.
“ദേ പോവായി…
ലക്ഷ്മിയോട് കണ്ണുകൾ കൊണ്ട് ഒരിക്കൽ കൂടി യാത്ര പറഞ്ഞാണ് അവൻ പോയത്.
അവൻ പോകുന്നത് കുറച്ച് സമയം അവളെ നോക്കി നിന്നു ലക്ഷ്മി.
കേറി വാ ലക്ഷ്മി
സന്ധ്യ വിളിച്ചപ്പോഴാണ് അവൾ സന്ധ്യയ്ക്ക് പിന്നാലെ അകത്തേക്ക് ചേർന്നത്.
തിരികെ പോകും വഴി സെബാസ്റ്റ്യന് ഒരു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു. ഇങ്ങനെയൊക്കെ ആദ്യമാണ്. ഇങ്ങോട്ട് വരുമ്പോൾ പുറകിൽ ഇരിക്കാൻ ഒരാളുണ്ടായിരുന്നു. തന്നെ ചേർന്നിരിക്കാൻ…
തിരികെ പോകുമ്പോൾ ആ സാന്നിധ്യം ഇല്ലെന്നത് ഒരു വല്ലാത്ത ശൂന്യത തന്നിൽ നിറച്ചുവെന്ന് സെബാസ്റ്റ്യൻ ഓർത്തു.. എന്താണ് തനിക്ക് സംഭവിക്കുന്നത്.? ഇപ്പോൾ ഇടയ്ക്കിടെ അവളുടെ മുഖമാണ് മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നത്.
താൻ ഇതുവരെ ഒരു പെൺകുട്ടിയെ കുറിച്ചും ഇങ്ങനെ സ്വപ്നം ഒന്നും കണ്ട് നടന്നിട്ടില്ല.
ഇതാദ്യമായാണ്. ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയോ ആ പെണ്ണ് ഒരുത്തി സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് അവനും തോന്നി. അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.. മെല്ലെ അവൻ പുറംകഴുത്തിൽ ഒന്ന് തഴുകി,
സന്ധ്യ നല്ല വർത്തമാനപ്രിയ ആണെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞിരുന്നു ലക്ഷ്മിക്ക്. പണ്ടുമുതലേ അധികമായി സംസാരിക്കുന്ന ആൾക്കാരോട് വലിയ ഇഷ്ടമാണ്. സിനിയും ഇതുപോലെയാണ് പക്ഷേ തനിക്കെന്തോ അങ്ങനെ സംസാരിക്കാൻ സാധിക്കാറില്ല. കുട്ടിക്കാലം മുതലേ അങ്ങനെയാണ്. എന്താണെന്ന് തനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ അങ്ങനെ സംസാരിക്കുന്നവരോട് വല്ലാത്ത ഒരു ഇഷ്ടവുമാണ്. അവളെ കേട്ടിരിക്കുകയാണ് ലക്ഷ്മി
എല്ലാ കാര്യങ്ങളും എനിക്കറിയാം ലക്ഷ്മി, ശിവേട്ടൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. തന്റെ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നുണ്ട്.
ജോലി ചെയ്തുകൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു.
എന്റെ അമ്മയൊക്കെ പണ്ട് കുട്ടിക്കാലത്ത് പറയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ വീട്ടിൽ നമുക്ക് ഒരുപാട് വിഷമം ഉണ്ടെങ്കിൽ കെട്ടിച്ചു വിടുന്ന വീട്ടിലെ സ്വർഗം ആയിരിക്കും എന്ന്..
അതിനും ലക്ഷ്മി ഒന്ന് ചിരിച്ചു
പക്ഷേ എന്റെ കാര്യത്തിൽ അത് ശരിയായിരുന്നു. എന്റെ വീട്ടിലെ അച്ഛൻ കുടിച്ചു വന്നിട്ട് എന്നും വഴക്കായിരുന്നു. ഞാനും ശിവേട്ടനും തമ്മിൽ സ്നേഹിച്ച കല്യാണം കഴിച്ചത്. ഇവിടെ വന്നപ്പോൾ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ കഴിഞ്ഞ വർഷമാണ് മരിച്ചുപോയത്. മരിക്കണത് വരെ എന്നെ സ്വന്തം മോളെ പോലെ അമ്മ കരുതിയിട്ടുള്ളത്. എന്നെ എന്ത് ഇഷ്ടായിരുന്നു. ഞാന് സമാധാനത്തോടെ ഉറങ്ങിയത് കല്യാണം കഴിഞ്ഞേ പിന്നെയാ.. ഒന്നിനും കുറവില്ലാട്ടോ. കുറച്ചു ബുദ്ധിമുട്ടും കടങ്ങളും കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും എല്ലാം ശിവേട്ടൻ വാങ്ങിത്തരും. രണ്ടു പെൺകുട്ടികളാ ഞങ്ങൾക്ക്. രണ്ടുപേരെയും പൊന്നുപോലെയാ ശിവേട്ടൻ കൊണ്ടുനടക്കുന്നത്.
സമ്പാദ്യം ഒന്നുമില്ല, അതിപ്പോൾ ദിവസവും ജോലിക്ക് പോണ ആരുടെ കൈയിലും ഉണ്ടാവില്ല. ബാക്കി സമാധാനപൂർണമായിട്ടുള്ള എല്ലാ കാര്യങ്ങളും ഉണ്ട്. സെബാനും നല്ല പയ്യൻ ആണ് കേട്ടോ. ലക്ഷ്മിയുടെ ഭാഗ്യ! താൻ അനുഭവിച്ച എല്ലാ വിഷമങ്ങൾക്കും ഉള്ള ഒരു പരിഹാരം എന്ന് കരുതിയാൽ മതി. ശിവേട്ടന്റെ കാര്യം പറഞ്ഞ പോലെ തന്നെയാ അവനും. വലിയ നീക്കിയിരിപ്പും സമ്പാദ്യവും ഒന്നുമില്ല. പക്ഷേ സമാധാനം നിറഞ്ഞ ഒരു ജീവിതം അത് ലക്ഷ്മിക്ക് ഉണ്ടാവും. ഒരു പരിചയമില്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യൂമോ.? അതിൽ നിന്ന് തന്നെ ലക്ഷ്മിക്ക് മനസ്സിലാക്കികൂടേ.?
പക്ഷെ ചേച്ചി ആൾക്ക് ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളൊക്കെ കാണില്ലേ? അത് ഞാൻ കാരണം ഇല്ലാണ്ടാകുമെന്ന് എന്റെ പേടി..?
ആരോടെങ്കിലും തന്റെ മനസ്സൊന്നു തുറക്കണമെന്ന് ലക്ഷ്മിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സന്ധ്യയോട് അങ്ങനെ പറഞ്ഞത്..
അവൻ പൊട്ടൻ ഒന്നുമല്ലല്ലോ അവൻ തന്നെ തീരുമാനിച്ചതല്ലേ. പിന്നെ അവൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരു ചെറുക്കന് ആണ്. ഇങ്ങനെയൊരു കാര്യം ഉണ്ടായില്ലെങ്കിൽ ഒരുപക്ഷേ അവൻ കല്യാണം പോലും കഴിക്കില്ല. ആ കുടുംബത്തിന് വേണ്ടി ഇങ്ങനെ നിന്നു പോകും. അങ്ങനെ നോക്കുകയാണെങ്കിൽ ഇത് നന്നായി എന്നാ എനിക്ക് തോന്നുന്നത്. ചെലപ്പോൾ ദൈവം ആയിട്ടായിരിക്കും തന്നെ അവന്റെ മുമ്പിൽ എത്തിച്ചത്. നിങ്ങൾക്ക് രണ്ടുപേർക്കും നല്ലൊരു ജീവിതം അത്യാവശ്യമല്ലേ.? സെബാസ്റ്റ്യൻ ആണെങ്കിൽ ആവശ്യമില്ലാത്ത ഒരു സ്വഭാവങ്ങളും ഇല്ലാത്ത കൂട്ടത്തില് ആണ്. ഏട്ടന് ഇവിടെ പറയാറുണ്ട് ബസ്സിലെ കയറുന്ന പെൺകുട്ടികളൊക്കെ അവനേ നോക്കിയാൽ പോലും അവൻ മൈൻഡ് പോലും ചെയ്യില്ലന്ന്. അക്കാര്യത്തിൽ ഒക്കെ അവൻ ഡീസന്റ് ആട്ടോ..
സന്ധ്യ പറഞ്ഞു.
പെട്ടെന്നാണ് സന്ധ്യയുടെ ഫോൺ അടിച്ചത്.
നല്ല ആയുസ് ആണല്ലോ, സെബാനാ..
ഫോണിലെ ഡിസ്പ്ലേയിലേക്ക് നോക്കിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അവളുടെ നെഞ്ചകവും ഒന്ന് തുടി കൊട്ടിയിരുന്നു..
ഹലോ..
സന്ധ്യ ഫോൺ എടുത്തു
ചേച്ചി….
പറയടാ…
അത്.. അത് . ഞാൻ വെറുതെ വിളിച്ചതാ,
ഫോണിലൂടെ അവൻ വക്കിത്തപ്പി കളിക്കുന്നത് കണ്ടുകൊണ്ട് രസകരമായ രീതിയിൽ അവൾ ഒന്ന് ചിരിച്ചു..
നീ നിന്റെ പെണ്ണിനോട് സംസാരിക്കാൻ വിളിച്ചതാണെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ. അതിന് നീ ഇങ്ങനെ നിന്ന് തെയ്യം കളിക്കേണ്ട കാര്യമുണ്ടോ.? ഞാൻ കൊടുക്കാം.
അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…