തണൽ തേടി: ഭാഗം 54

എഴുത്തുകാരി: റിൻസി പ്രിൻസ്
കണ്ണ് ചിമ്മി പറഞ്ഞവൻ.. അവൾ ഒന്ന് ചിരിച്ചു.
പോട്ടെ…
അവളോട് യാത്രപറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അപരിചിതനായ ഒരുവൻ പ്രിയപ്പെട്ടവൻ ആകുന്ന ഒരു അനുഭൂതി.!
പിന്നെ അങ്ങോട്ട് തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. മാമോദിസ കഴിഞ്ഞു. അവളുടെ ഇഷ്ടത്തിന് മറിയ എന്ന പേര് സ്വീകരിച്ചു. കുട്ടിക്കാലം മുതലേ മാതാവിനോട് വലിയ ഇഷ്ടമാണ്. വിശ്വാസവുമാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് സ്വീകരിച്ചത്.
ഒന്നിടവിട്ട ദിവസങ്ങളിൽ എല്ലാം അർച്ചന വിളിക്കും. വൈകിട്ടാണ് വിളിക്കുന്നത്. എല്ലാ കാര്യങ്ങളും തിരക്കും.
ഇതിനിടയിൽ ധന്യ നിന്നെ കണ്ടാൽ കൊല്ലും എന്ന് ഒരു ഭീഷണിയും തരാൻ അവളു മറന്നില്ല. അനു ആ സംഭവത്തിന്റെ പിറ്റേന്ന് തന്നെ പെട്ടിയും വട്ടിയും എടുത്ത് സ്ഥലം വിട്ടതാണ്. ഇനി ഒന്നും കാണാൻ വയ്യ എന്നതുപോലെ.
രണ്ടുദിവസം കൂടി കഴിഞ്ഞപ്പോഴേക്കും ആന്റണിയും സാലിയും കൂടി അത്യാവശ്യം ബന്ധുകാരേ ഒക്കെ ക്ഷണിക്കാൻ വേണ്ടി പോയി തുടങ്ങിയിരുന്നു. സിനിയും അവളുടെ കുറച്ചു കൂട്ടുകാരെ ക്ഷണിക്കണമെന്ന് പറഞ്ഞു പോയി.
സിമിയുടെ വീട്ടിലും പോയി എല്ലാവരെയും ക്ഷണിച്ചു തിരികെ വരാമെന്ന് പറഞ്ഞാണ് സാലിയും ആന്റണിയും പോയത്. വളരെ കുറച്ചുപേർ മാത്രമുള്ള ഒരു ചടങ്ങാണ് എന്നു പറഞ്ഞിരുന്നു.
എന്നാൽ അടുത്ത ബന്ധുക്കളെ ഒന്നും വിട്ടു കളയാൻ സാധിക്കില്ല എന്ന് പറഞ്ഞു
സെബാസ്റ്റ്യനും പൈസ ഉണ്ടാക്കുന്നതും മറ്റുമായി നല്ല തിരക്കിലായിരുന്നു. ആ നിമിഷം അവൾക്ക് അച്ഛനെയും അനുജനെയും ഒക്കെ ഓർമ്മ വന്നിരുന്നു. തന്റെ വിവാഹത്തിന് അവരൊക്കെ ഉണ്ടായിരുന്നുവെങ്കിൽ എന്നൊരു ആഗ്രഹം ആ നിമിഷം അവൾക്ക് തോന്നി.
വിവാഹ സാരി എടുക്കുവാനും താലിമാല എടുക്കുവാനുമായി സിമിയും കുഞ്ഞും കൂടി എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. സെബാസ്റ്റ്യൻ ശിവന്റെ സുഹൃത്തിന്റെ ഒരു കാറും എടുത്തുകൊണ്ടാണ് വന്നത്. എല്ലാവരുംകൂടി ആലപ്പുഴ പോയി വസ്ത്രങ്ങൾ എടുക്കാം എന്ന് തീരുമാനമായി.
രണ്ടുമൂന്നു സാരിയൊക്കെ എടുത്ത് കാണിക്കുമ്പോഴും ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് ഒന്നു നോക്കും..അവനാണെങ്കിൽ ഫോണിൽ നോക്കിയിരിക്കുകയാണെന്ന വ്യാജെനെ അവളുടെ മുഖത്തേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. കണ്ണുകൾ കൊണ്ട് അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്…
അവസാനം ഗോൾഡൻ നിറത്തിലുള്ള അധികം കല്ലുകൾ ഒന്നും പതിപ്പിക്കാത്ത ഒരു സാരി എടുത്ത് കാണിച്ചപ്പോൾ അവന്റെ മുഖം തെളിഞ്ഞത് അവൾ കണ്ടു. അങ്ങനെ ആ സാരി വാങ്ങാമെന്ന് തീരുമാനമായി. അവർ ട്രയൽ ചെയ്തു നോക്കിയപ്പോൾ ആരും കാണാതെ സൂപ്പർ എന്ന് അവൻ അവളെ കാണിച്ചു.
മന്ത്രകോടിയായി എടുത്തത് ഒരു ചില്ലി റെഡ് നിറത്തിലുള്ള സാരിയായിരുന്നു. അതെല്ലാം അവന്റെ ഇഷ്ടം നോക്കി തന്നെയാണ് അവൾ എടുത്തത്. ബ്ലൗസ് തയ്ക്കാനുള്ള അളവും കൊടുത്തു തുണിക്കടയിൽ നിന്നും ഇറങ്ങുമ്പോൾ സെബാസ്റ്റ്യന്റെ കയ്യിലേക്ക് ഒരു ചളുങ്ങിയ വള വച്ചു കൊടുത്തിരുന്നു സിമി.
അത് ലക്ഷ്മി കാണുകയും ചെയ്തു.
ഇത് പണ്ട് ആദ്യമായിട്ട് ബസ് ഓടിക്കാൻ പോകുമ്പോൾ ചേട്ടായി മേടിച്ചു തന്നത് ആണ്. ഇത് എനിക്ക് മാറാൻ ഒന്നും തോന്നിയില്ല. സൂക്ഷിച്ചുവച്ചതാ. പക്ഷേ ഇപ്പോ പൈസ ഒന്നും തരാൻ എന്റെ കയ്യിൽ ഇല്ല. ഇത് ചേട്ടായിയുടെ കൈയ്യിൽ ഇരിക്കട്ടെ. ഒന്നൊന്നര പവൻ കാണും. ഇപ്പോഴത്തെ സ്വർണ്ണവിലനുസരിച്ച് നല്ല വില കിട്ടും.
അവൾ പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ അവളെ ഒന്ന് ചേർത്ത് പിടിച്ചിരിക്കുന്നത് ലക്ഷ്മി കണ്ടിരുന്നു.. ഇവരുടെ സ്നേഹമാണ് ഏറ്റവും വലിയ പ്രത്യേകത എന്ന് അവൾ ഓർത്തു.
ഇവിടെ വന്നപ്പോൾ മുതൽ കുറച്ച് നല്ല മനുഷ്യരെ മാത്രമാണ് കണ്ടിട്ടുള്ളത്. തന്റെ വീട്ടിൽ താനും തന്റെ അനുജനും തമ്മിൽ ഇത്രയും സഹോദരസ്നേഹം ഉണ്ടായിരുന്നോ.? പലപ്പോഴും ചെറിയമ്മയുടെ വാക്കുകേട്ട് തന്നെ ദ്രോഹിക്കാനായിരുന്നു അവനും ശ്രമിച്ചിട്ടുണ്ടായിരുന്നത്. കുറച്ചൊക്കെ അറിവ് വെച്ചപ്പോൾ അതിന് തെല്ല് കുറവ് വന്നു എന്നല്ലാതെ ഒരിക്കൽപോലും ഇത്രയും സ്നേഹത്തോടെ അവൻ തന്നോട് ഇടപെട്ടിട്ടോന്നുമില്ല.
മൂന്നു പവന്റെ മിന്നു മാല എങ്കിലും എടുക്കണമെന്ന് സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തടഞ്ഞു
അതിന്റെ ഒന്നും ആവശ്യമില്ല അമ്മച്ചി. ഒരു പവന്റെ മാല മതി.
എടാ വാഴ്ത്താൻ കൊടുക്കുന്ന മാലയാ അത് കാണുമ്പോൾ വല്ലോരും എന്നതാ വിചാരിക്കുന്നേ.? നാണക്കേട് ആണ്
സാലി പറഞ്ഞു
എന്ത് വിചാരിക്കാനാ, അവനൊന്റെ പാങ്ങ് അനുസരിച്ചല്ലേ പറ്റു. ഇനിയിപ്പോൾ വിചാരിച്ചാലും കുഴപ്പമില്ല. ഇന്നത്തെ കാലത്ത് 3 പവന് എത്ര രൂപ കൊടുക്കണം എന്നറിയോ.? ഇത് എന്നാ അറിഞ്ഞോണ്ട അമ്മച്ചി പറയുന്നേ
അവൻ പറഞ്ഞു
നിന്റെൽ കുറച്ചു പൈസ ഇല്ലേ? എന്റെ രണ്ടു മോതിരം കൂടി തരാം. അപ്പോൾ ഒരു രണ്ടു പവൻ എങ്കിലും വാങ്ങാമല്ലോ.
ആരെ കാണിക്കാൻ വേണ്ടിയാണ് അമ്മച്ചി,
എടാ മോശമാടാ ഒരു രണ്ടു പവനിൽ കുറഞ്ഞ താലിമാല എടുക്കുന്നത്.
ശരിയാ ചേട്ടായി അമ്മച്ചി രണ്ടു മോതിരം കൂടി തരുമല്ലോ. ഞാനും ഒരു മോതിരം തരാം. അപ്പോൾ പിന്നെ രണ്ടു പവന്റെ മാല എടുക്കാൻ പറ്റും.
സിമിയും പറഞ്ഞു.
അതുമാത്രം പോരല്ലോ കല്യാണം മോതിരം വേണ്ട.? അത് ഒരു രണ്ടും കൂടി 2.5 ഗ്രാം വച്ചെങ്കിലും വേണ്ടേ.? അപ്പൊ തന്നെ എത്ര പവനായി. ഇതെല്ലാം കൂടെ തികയല്ലാ. കേറ്ററിംഗ് വണ്ടി ഇതൊക്കെ കിടക്കുവാ.
സെബാസ്റ്റ്യൻ പറഞ്ഞു.
കേട്ടപാടെ കയ്യിൽ കിടന്ന ഒരു വളയൂരിഅവന്റെ നേരെ നീട്ടി പിടിച്ചിരുന്നു ലക്ഷ്മി..
എല്ലാവരും ഉള്ളതുകൊണ്ട് അവന് മറുത്ത് പറയാനും വയ്യ.
ഇതെന്നാ..?
അവളുടെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു
ഇത് ഒരു പവനുണ്ട്, മോതിരം എടുക്കാൻ. ഇത് കൊടുത്താൽ മതി. ഇതുപോലെ എന്റെ കയ്യിൽ ഒരു വളയും ചെയിനും വേറെയുണ്ട്. അമ്മ മോതിരം കൊടുക്കണ്ട അവളത് പറഞ്ഞപ്പോൾ
സിമിയുടെ മുഖമൊന്ന് തെളിഞ്ഞിരുന്നു. അമ്മച്ചി എത്ര ബുദ്ധിമുട്ടി ആണ് ആ മോതിരം ഉണ്ടാക്കിയത് അവൾക്കറിയാം.. അത് ഊരി കൊടുക്കുന്നത് കുറച്ചു വിഷമം ഉള്ള കാര്യം തന്നെ ആയിരുന്നു. എങ്കിലും സാഹചര്യമതായിരുന്നല്ലോ..
അപ്പോ കൊച്ചു കല്യാണത്തിന് എന്തോ ഇടും
സാലി വിഷമത്തോടെ ചോദിച്ചു.
ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ, ഫാൻസി വള മേടിക്കാം.
ലക്ഷ്മി പറഞ്ഞു
എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം ചേട്ടായി. ഏതാണെങ്കിലും ഇതൊക്കെ ലക്ഷ്മിക്ക് തന്നെ ഉള്ളതല്ലേ അതുകൊണ്ട് നമ്മൾ ലക്ഷ്മിയുടെ ഒന്നും വാങ്ങി കളഞ്ഞു എന്ന് വരില്ലല്ലോ..
സിമി പറഞ്ഞപ്പോൾ അവന് വാങ്ങാതിരിക്കാൻ പറ്റിയില്ല.
എങ്കിലും പാതി മനസ്സോടെയാണ് അവന് ആ വള വാങ്ങിയത്. അവളുടെ കയ്യിൽ നിന്ന് തന്നെ സ്വർണം വാങ്ങി അവൾക്ക് തിരിച്ചു കൊടുക്കുന്നത് ഒരു നല്ല പരിപാടിയായി അവന് തോന്നിയില്ല.
അങ്ങനെ രണ്ടു പവന്റെ താലിമാലയും 3 ഗ്രാമിന്റെ വച്ചു 6 ഗ്രാമിന്റെ മോതിരവുമാണ് എടുത്തത്
തലേദിവസം വീടിന്റെ മുറ്റത്ത് പന്തൽ ഒക്കെ ഇട്ടിരുന്നു. അത്യാവിശ്യം നല്ല തിരക്ക് തന്നെയായിരുന്നു വീടിന്റെ മുറ്റത്ത്. അഞ്ചുമണി കഴിഞ്ഞതോടെ ബന്ധുക്കാരിൽ ചിലരും അയൽപക്കത്തുള്ളവരും ഒക്കെ വന്നു തുടങ്ങി. എട്ടുമണിയോടെ സെബാസ്റ്റ്യന്റെ ബസ്സിലെ ഓണറും അവരുടെ കുടുംബവും പിന്നെ അവന്റെ ചില സുഹൃത്തുക്കൾ ഒക്കെ എത്തി.
വരുന്നവർക്ക് ഒക്കെ കൊടുക്കാൻ എല്ലും കപ്പയും ആയിരുന്നു കരുതിയിരുന്നത്. ഒപ്പം പാനിയും പഴവും….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…