സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി നടൻ്റെ വീട്ടിൽ മുൻപ് ജോലിക്ക് എത്തിയയാൾ; കൂടുതൽ വിവരങ്ങൾ പുറത്ത്
മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് നേരത്തെ നടൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വീട് ശുചീകരിക്കുന്നതിനായി പ്രതി നേരത്തെ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ എത്തിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ലേബർ ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്ല്യാസ്, ബിജെ എന്നീ പേരുകളിലും പ്രതി അറിയപ്പെട്ടിരുന്നു. സംഭവത്തിന് മുമ്പ് വോർളിയിലായിരുന്നു പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് താമസിച്ചിരുന്നത്.
സംഭവത്തിൻ്റെ അന്ന് പ്രതി ട്രെയിനിൽ പൂനെയിലേയ്ക്ക് കടക്കുകയായിരുന്നു. പൂനെയിലെത്തിയ പ്രതിയെ ബൈക്കിലെത്തി ഒരാൾ സ്വീകരിക്കുകയായിരുന്നു. ഈ ബൈക്കിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് നടത്തിയ തിരച്ചിലാണ് പ്രതിയിലേയ്ക്ക് എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചത്. കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫിൻ്റെ വസതിയിൽ മൊഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് കടന്നതെന്ന് മുംബൈ പൊലീസ് ഡിസിപി ദിക്ഷിത് ഗെഡം പറഞ്ഞു.
ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ഇയാൾ നേരത്തെ സെയ്ഫിൻ്റെ വസതിയിൽ പോയിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി. അയാൾക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും ഗെഡം കൂട്ടിച്ചേർത്തു. പ്രതി ബംഗ്ലാദേശിൽ നിന്നുള്ളയാളാണെന്ന് സംശയിക്കുന്നുവെന്നും അതിനാൽ എഫ്ഐആർ വകുപ്പുകൾ പരിഷ്ക്കരിച്ചുവെന്നും ഡിസിപി കൂട്ടിച്ചേർത്തു. പ്രതി ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക വിവരം. സാധുവായ ഇന്ത്യൻ രേഖകൾ പ്രതിയുടെ പക്കലില്ല. വിജയ് ദാസ് എന്ന അപരനാമത്തിലാണ് പ്രതി അറിയപ്പെട്ടിരുന്നതെന്നും ഗെഡം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാക്കൾ എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച സെയ്ഫിൻ്റെ വീട്ടിലെ ജോലിക്കാരി ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നടന്റെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്.