പള്ളി അമ്പലമായി; പാസ്റ്റർ പൂജാരിയായി

ജയ്പുർ: ഗോത്ര വർഗ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു വിശ്വാസത്തിലേക്കു മടങ്ങിയെത്തിയപ്പോൾ പള്ളി, ക്ഷേത്രമായി. പാസ്റ്റർ പൂജാരിയായി. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലുള്ള സോദ്‌ല ഗുധയിലാണു സംഭവം. തീർത്തും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകളെന്ന് എല്ലാത്തിനും നേതൃത്വം നൽകി പൂജാരിയായി മാറിയ പാസ്റ്റർ ഗൗതം ഗരാസിയ. ആരെയും നിർബന്ധിച്ചില്ലെന്നും സ്വമനസാലെയാണു ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം.
ഒന്നര വർഷം മുൻപ് തന്‍റെ സ്വന്തം ഭൂമിയിൽ ഗരാസിയ നിർമിച്ച ക്രിസ്ത്യൻ പള്ളിയാണ് അമ്പലമാക്കി മാറ്റിയത്. തുടർന്ന് ഇവിടെ ഭൈരവ മൂർത്തിയെ പ്രതിഷ്ഠിച്ചു. ജയ് ശ്രീറാം വിളികളോടെയായിരുന്നു വിഗ്രഹ പ്രതിഷ്ഠയ്ക്കുള്ള ഘോഷയാത്ര. ക്ഷേത്രത്തിനു കാവി നിറം നൽകി വിശ്വാസികൾ കുരിശിനു പകരം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങൾ മതിലിൽ വരച്ചു ചേർത്തു.
ഞായറാഴ്ച പ്രാർഥനകൾക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്നു ഗരാസിയ. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ചടങ്ങ്. ഗരാസിയയുടേതുൾപ്പെടെ 45 കുടുംബങ്ങളാണു മുപ്പതോളം വർഷം മുൻപ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഇവരിൽ 30 കുടുംബങ്ങൾ ഹിന്ദു വിശ്വാസത്തിലേക്കു തിരികെയെത്തി.