വെള്ളവുമായി ചേർന്നാൽ തീപിടിക്കാവുന്ന രാസവസ്തുക്കളും കണ്ടെയ്‌നറിലുണ്ട്; തൊടരുതെന്ന് മുന്നറിയിപ്പ്

തീരപ്രദേശങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഈ വസ്തുക്കളിൽ, വെള്ളവുമായി ചേരുമ്പോൾ തീ പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചില കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് (Calcium Carbide) എന്ന രാസവസ്തു അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇത് വെള്ളവുമായി ചേരുമ്പോൾ അസെറ്റിലിൻ ഗ്യാസ് പുറത്തുവിടുകയും തീ പിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് പൊള്ളലേൽപ്പിക്കാനും സാധ്യതയുണ്ട്. കൊല്ലം തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകളിൽ ഈ വസ്തുവുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാലാണ് ഈ പ്രത്യേക മുന്നറിയിപ്പ്.
അധികൃതർ വസ്തുക്കൾ നീക്കം ചെയ്യുമ്പോൾ തടസ്സമുണ്ടാക്കരുത്. സുരക്ഷ ഉറപ്പാക്കാൻ, സംഭവസ്ഥലത്ത് നിന്ന് കുറഞ്ഞത് 200 മീറ്റർ ദൂരം പാലിക്കണം. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാനും നിർദ്ദേശമുണ്ട്.
എംഎസ്സി എൽസ 3 (MSC Elsa 3) എന്ന ലൈബീരിയൻ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളാണ് ഇന്നലെ രാത്രി മുതൽ കൊല്ലത്തെ തീരപ്രദേശങ്ങളായ അഴീക്കൽ, ചവറ, ശക്തികുളങ്ങര എന്നിവിടങ്ങളിൽ അടിഞ്ഞത്. കൂടുതൽ കണ്ടെയ്നറുകൾ ഇനിയും ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാൽ ഈ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.