78ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി
78ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, ഗോത്രവിഭാഗത്തിൽ നിന്നുള്ളവർ അടക്കം ആറായിരം പേർ ഇത്തവണ ഡൽഹിയിൽ നടക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമാകും.
രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതിന് ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരൻമാർ ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. കര, വ്യോമ, നാവിക സേനാംഗങ്ങളും ഡൽഹി പോലീസും എൻ സി സി, എൻ എസ് എസ് അടക്കമുള്ള വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട അടക്കം രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.