അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷ
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3 മണിക്കാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണ മാറ്റി വെച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുൽ റഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് 4 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങൾഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് നിയമ സഹായസിമതി വിലയിരുത്തുന്നത്.
ഇന്ന് മോചന ഉത്തരവ് ഉണ്ടായാൽ റിയാദ് ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് റഹീമിന് നാട്ടിലേക്ക് മടങ്ങാന് സാധിക്കും. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഫറോക് സ്വദേശി റഹീം സൗദിയിലെ ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി.