Kerala
ലഗേജിന് ഭാരക്കൂടുതലാണല്ലോയെന്ന് കസ്റ്റംസ്, ബോംബാണെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബോർഡിംഗ് പാസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥൻ ലഗേജിന് ഭാരം കൂടുതലാണല്ലോ, എന്താണ് ഇത്ര ഭാരം എന്ന് ചോദിക്കുകയായിരുന്നു.. ഇതിന് മറുപടിയായാണ് ബാഗിൽ ബോംബ് ആണെന്ന് മറുപടി പറഞ്ഞത്
പിന്നാലെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പോലിസിനെ ഏൽപിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ റഷീദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.